
ന്യൂഡൽഹി: ശൈത്യകാല അവധിക്കു ശേഷം സുപ്രീംകോടതി ഇന്നു തുറക്കുമ്പോൾ പ്രധാനപ്പെട്ട കേസുകളിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിർണായകം. ഡൽഹി കലാപക്കേസിൽ അഞ്ചുവർഷത്തിലേറെയായി തീഹാർ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വിധി പറയും. കേസിലെ മറ്റു പ്രതികളും ആക്‌ടിവിസ്റ്റുകളുമായ ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്‌മാൻ, മുഹമ്മദ് സലീം ഖാൻ, ഷദബ് അഹമ്മദ് തുടങ്ങിയവരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഉമറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി സ്വന്തം കൈപ്പടയിൽ കത്തെഴുതിയിരുന്നു. ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും, ജാമ്യം അനുവദിക്കണമെന്നും യു.എസിലെ എട്ട് സാമാജികർ യു.എസിലെ ഇന്ത്യൻ സ്ഥാനപതിക്കും കത്തെഴുതി. 2020 സെപ്‌തംബർ 14നാണ് ഡൽഹി പൊലീസ് ഉമറിനെ അറസ്റ്റ് ചെയ്‌തത്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിൽ സജീവമായിരുന്ന ആക്‌ടിവിസ്റ്റുകളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി 2020ലെ കലാപത്തിന് കളമൊരുക്കിയെന്നാണ് കേസ്. ജാമ്യാപേക്ഷകളെ അതിശക്തമായി ഡൽഹി പൊലീസ് എതിർത്തിരുന്നു. ആരവല്ലി, ഉന്നാവ് തുടങ്ങിയ വിഷയങ്ങളും കോടതിക്കു മുന്നിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |