
വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വീഴ്ത്തിയതിനുപിന്നാലെ മെക്സിക്കോ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മയക്കുമരുന്ന് ഭീകരതയെ തകർക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങൾക്കെതിരെ നടപടിക്ക് മടിക്കില്ലെന്നാണ് മുന്നറിയിപ്പ്.
മെക്സിക്കോയിൽ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നാണ് ട്രംപിന്റെ അവകാശവാദം. മയക്കുമരുന്ന് സംഘങ്ങളെ തുരത്താൻ സൈന്യത്തെ അയയ്ക്കാൻ തയ്യാറാണെന്ന വാഗ്ദാനം ട്രംപ് ആവർത്തിച്ചു. യു.എസ് സൈന്യത്തെ തങ്ങളുടെ മണ്ണിൽ വിന്യസിക്കുന്നത് പരമാധികാരത്തിന് മേലുള്ള ആക്രമണമാണെന്ന് കാട്ടി മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം ഇത് നേരത്തെ നിരസിച്ചിരുന്നു.
മഡുറോയെ പുറത്താക്കിയതിനാൽ വെനസ്വേലയുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബയിലേക്കാകും അമേരിക്ക തങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾ കേന്ദ്രീകരിക്കുകയെന്ന് ട്രംപ് സൂചിപ്പിച്ചു. അതേസമയം, ക്യൂബയ്ക്കെതിരെ സൈനിക നടപടി ആലോചിക്കുന്നില്ലെന്നും സ്വന്തം പ്രവർത്തികൾ തന്നെ അവരുടെ പതനത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു. ക്യൂബൻ അധികൃതർ കുറച്ചൊക്കെ ആശങ്കപ്പെടുന്നത് നന്നായിരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മുന്നറിയിപ്പ് നൽകി.
# ഇനി പെട്രോ ?
നിലവിൽ തന്റെ കടുത്ത വിമർശകനായ കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോയെ ആണ് ട്രംപ് പ്രധാന ലക്ഷ്യമാക്കിയിരിക്കുന്നത്. പെട്രോ കൊക്കെയ്ൻ നിർമ്മാണ കേന്ദ്രങ്ങൾ നടത്തുന്നെന്നും ജാഗ്രത പാലിക്കണമെന്നും ട്രംപ് പറയുന്നു. കൊളംബിയയിലെ മയക്കുമരുന്ന് ലബോറട്ടറികൾ ആക്രമിക്കാനുള്ള സാദ്ധ്യത ട്രംപ് തള്ളുന്നില്ല.
യു.എസിലേക്കുള്ള അനധികൃത മയക്കുമരുന്ന് കടത്ത് വ്യാപിപ്പിക്കാൻ അനുവദിക്കുന്നെന്ന് കാട്ടി ഒക്ടോബറിൽ പെട്രോയ്ക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് കടത്തിന്റെ പേരിൽ കഴിഞ്ഞ വർഷം നിരവധി തവണ ട്രംപും പെട്രോയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. സെപ്തംബറിൽ ന്യൂയോർക്കിൽ പാലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്ത പിന്നാലെ പെട്രോയുടെ വിസ യു.എസ് റദ്ദാക്കിയതും വിവാദമായിരുന്നു.
അയൽരാജ്യമായ വെനസ്വേലയിലെ ആക്രമണ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ പെട്രോ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. യു.എൻ രക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
# ട്രംപിന്റെ 'കണ്ടെത്തലുകൾ"
മെക്സിക്കോ - രാജ്യത്തെ നിയന്ത്രിക്കുന്നത് പ്രസിഡന്റ് ക്ലൗഡിയ അല്ല. മറിച്ച് മയക്കുമരുന്ന് മാഫിയകൾ ആണ്
ക്യൂബ - പരാജയപ്പെട്ട രാജ്യം. പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിന് കീഴിൽ ഒരു ദുരന്തമായി മാറി
കൊളംബിയ - പ്രസിഡന്റ് പെട്രോ കൊക്കെയ്ൻ നിർമ്മിച്ച് യു.എസിലേക്ക് അയയ്ക്കുന്നു
# പടിഞ്ഞാറൻ അർദ്ധഗോളത്തിലെ അമേരിക്കയുടെ ആധിപത്യം ഇനി ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല. യു.എസിന് ചുറ്റും നല്ല അയൽക്കാരെയും സ്ഥിരതയേയം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
- ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ്, യു.എസ്
# യു.എസിന്റെ നടപടി ലാറ്റിനമേരിക്കയുടെ പരമാധികാരത്തിന് മേലുള്ള ആക്രമണമാണ്. ക്രിമിനൽ ആക്രമണം.
- ഗുസ്‌താവോ പെട്രോ, പ്രസിഡന്റ്, കൊളംബിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |