
തിരുവനന്തപുരം: മരണാന്തരം 91 വയസുകാരിയുടെ ചർമ്മവും കണ്ണുകളും ദാനം ചെയ്ത് ബന്ധുക്കൾ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഈശ്വറിന്റെ അമ്മ ആനന്ദവല്ലി അമ്മാളിന്റെ ചർമ്മമാണ് ദാനം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കിൻബാങ്കിലേക്ക് ലഭിക്കുന്ന രണ്ടാമത്തേതാണ്.പ്രായക്കൂടുതൽ ആയതിനാൽ മറ്റ് അവയവങ്ങൾ എടുക്കാനായില്ല.
വീട്ടിൽ വച്ച് മരണമടഞ്ഞതിനാൽ അവയവദാനത്തിനായി ആനന്ദവല്ലി അമ്മാളിനെ ആശുപത്രിയിലെത്തിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.തുടർന്ന് സ്‌കിൻബാങ്ക് അധികൃതർ നിയമപരമായ അനുമതി നേടി വീട്ടിലെത്തി ചർമ്മം സ്വീകരിച്ചത്. കണ്ണുകൾ ചൈതന്യ ആശുപത്രി അധികൃതരും വീട്ടിലെത്തി സ്വീകരിച്ചു. മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിൽ നിന്ന് ആദ്യമായാണ് മരണപ്പെട്ടയാളുടെ വീട്ടിലെത്തി ചർമ്മം സ്വീകരിക്കുന്നത്.
പ്ലാസ്റ്റിക്ക് സർജറി ടീം നാല് മണിക്കൂറെടുത്താണ് ചർമ്മം എടുത്തത്. ഡോ.പ്രേംലാലിന്റെ നേതൃത്വത്തിൽ ഡോ.ആഭ,ഡോ.അനുപമ,ഡോ.ആർഷ,ഡോ.ലിഷ,നഴ്സിംഗ് ഓഫീസർമാരായ അശ്വതി,ഷീന ബാബു എന്നിവരാണ് ടീമിലുണ്ടായിരുന്നത്.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.വിശ്വനാഥൻ,പ്രിൻസിപ്പൽ ഡോ.ജബ്ബാർ,സൂപ്രണ്ട് ഡോ.ജയചന്ദ്രൻ,ആർ.എം.ഒ ഡോ.അനൂപ്,കെ.സോട്ടോ നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ ഏകോപനമൊരുക്കി.
ചർമ്മ ദാന പ്രസക്തി
പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമ്മം സംരക്ഷിക്കുന്നത്.മൂന്ന് ആഴ്ചത്തെ കെമിക്കൽ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചർമ്മം വച്ച് പിടിപ്പിക്കും.
അപകടത്തിലും പൊള്ളലേറ്റും ചർമ്മം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ്.പുതിയ ചർമ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നൽകുന്നു.മാത്രമല്ല അണുബാധയും വേദനയും കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |