
കൊച്ചി: യേശു ക്രിസ്‌തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യമുള്ള ചിത്രത്തിനെതിരായുള്ള ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി മുസിരിസ് ബിനാലെ വേദിയിലെ വിവാദ ചിത്രം നീക്കി. ബിനാലെയുടെ 'ഇടം' എന്ന പേരിലുള്ള പ്രദർശനത്തിന്റെ ഭാഗമായി മലയാളി ആർട്ടിസ്റ്റായ ടോം വട്ടക്കുഴി വരച്ച ചിത്രമാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പരമ്പരാഗത ചിത്രീകരണത്തെ അപമാനിക്കുന്നതാണെന്നുമായിരുന്നു ക്രിസ്‌ത്യൻ വിഭാഗങ്ങളുടെ ആരോപണം. ബിനാലെ ക്യൂറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പ്രതിഷേധത്തിന് പിന്നാലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഒരു വേദി താത്‌കാലികമായി അടച്ചിരുന്നു. ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും രംഗത്തെത്തിയിരുന്നു. മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുന്നതിനായി പൊതു ഫണ്ട് ഉപയോഗിക്കുന്നതിനെ അസോസിയേഷൻ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഫേസ്ബുക്ക് പോസ്റ്റിൽ ചോദ്യം ചെയ്തു. "ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സർക്കാർ പണം ഉപയോഗിച്ച് ഇഷ്ടമുള്ളതെന്തും കാണിക്കാമെന്ന് കരുതരുത്. ഞങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ച് ഞങ്ങളെ അപമാനിക്കുകയാണോ? ലോകപ്രശസ്ത ചിത്രകാരനായ ലിയോനാർഡോ ഡാവിഞ്ചി വരച്ച ലോകപ്രശസ്തമായ ഒരു ചുവർചിത്രമാണ് ഈ രീതിയിൽ വരച്ചത്" - എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
അതേസമയം, ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിനെ ആശ്രയിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കുന്നതെന്നാണ് പ്രതിഷേധങ്ങളിൽ ആർട്ടിസ്റ്റ് ടോം വട്ടക്കുഴി പ്രതികരിച്ചത്. അന്ത്യ അത്താഴത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചിത്രം ഒരു നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |