
ആന്റിഓക്സിഡന്റും ഫെെബറും വെെറ്റമിനുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. ധാരാളം അന്നജവും നാരുകളും അടങ്ങിയ ഇവ ശരീരത്തിലെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറച്ച് പ്രമേഹത്തെ ചെറുക്കും. വൈറ്റമിന്‍ സി, ബീറ്റാകരോട്ടിൻ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും, പ്രതിരോധശേഷി നൽകി രോഗസാദ്ധ്യത കുറയ്ക്കുന്നതിനും ഉത്തമമാണ്.
കൂടാതെ ഇതിലെ കരാറ്റനോയ്ഡുകൾ പ്രായമായവരിൽ ഉണ്ടാകുന്ന കാഴ്ചപ്രശ്‌നങ്ങൾ പരിഹരിക്കുന്നു. ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും മികച്ചതാണ്. മധുരക്കിഴങ്ങിലുള്ള മഗ്നീഷ്യം, സ്‌ട്രെസ് കുറച്ച് ഹൃദയത്തിനും നാഡികൾക്കും ഗുണം ചെയ്യും. പലരും ഇവ കടയിൽ നിന്ന് വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ മധുരക്കിഴങ്ങ് വളരെ എളുപ്പത്തിൽ വീട്ടിന്റെ പരിസരത്ത തന്നെ കൃഷി ചെയ്യാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
നല്ല സൂര്യപ്രകാശം ഉള്ള വെള്ളക്കെട്ടില്ലാത്ത സ്ഥലത്താണ് മധുരക്കിഴങ്ങ് കൃഷി ചെയ്യേണ്ടത്. പരമാവധി നാലുമാസം കൊണ്ട് വിളവെടുക്കാം. 20 -30 സെന്റീമീറ്റർ നീളമുള്ള നാലോ അഞ്ചോ മുട്ടുകളുള്ള കരുത്തുള്ള വള്ളിക്കഷ്ണങ്ങൾ വേണം നടാൻ. വള്ളികളുടെ തലപ്പും നടുഭാഗവും നടാനെടുക്കാം.
കൃഷിയിടം കിളച്ചൊരുക്കി തടമെടുത്തോ കൂന കൂട്ടിയോ വള്ളി നടാം. അടിവളം ചേർക്കാൻ വിട്ടുപോകരുത്. ഒരു സെന്റിന് രണ്ട് കിലോ കുമ്മായം, സെന്റിന് 20 കിലോ ചാണകം, കമ്പോസ്റ്റ് ഇതെല്ലാം അടിവളം ആയി ചേർക്കാവുന്നതാണ്. നടുമ്പോൾ വള്ളിയുടെ മദ്ധ്യഭാഗത്തെ മുട്ടുകൾ മണ്ണിൽ നന്നായി താഴ്ത്തിയും മുറിച്ച അഗ്രഭാഗങ്ങൾ പുറത്തുമായി വേണം നടാൻ. കൂനകളിലാണ് നടുന്നതെങ്കിൽ കൂനകൾ തമ്മിൽ രണ്ടരയടി അകലം വേണം. ഒരു കൂനയിൽ മൂന്ന് വള്ളിക്കഷ്ണങ്ങൾ വരെ നടാം.
വള്ളികൾ നട്ടശേഷം നനച്ചുകൊടുക്കേണ്ടതാണ്. വേഗത്തിൽ വേര് മുളയ്ക്കാൻ ഇത് സഹായിക്കുന്നു. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ചാഴ്ച കഴിഞ്ഞും കളനീക്കി മണ്ണ് കൂട്ടാം. വള്ളി നീളുന്നത് കണ്ടാൽ വള്ളികൾ ഇളക്കി കൊടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |