
കേരള രാഷ്ട്രീയത്തെ മൂന്ന് പതിറ്റാണ്ടിലേറെയായി വേട്ടയാടുന്ന 'തൊണ്ടിമുതൽ തിരിമറി" കേസിൽ നെടുമങ്ങാട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധി ഒരു എം.എൽ.എയുടെ വ്യക്തിപരമായ പതനം എന്നതിലുപരി, ഭരണഘടനാപരമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ ആന്റണി രാജു മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ നിയമസഭാംഗത്വം, അയോഗ്യതയുടെ മാനദണ്ഡങ്ങൾ, ഉപതിരഞ്ഞെടുപ്പ് സാദ്ധ്യതകൾ എന്നിവ ചർച്ചാവിഷയമാവുകയാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ നിർമ്മിക്കപ്പെട്ട 1951-ലെ ജനപ്രാതിനിദ്ധ്യ നിയമം (Representation of the People Act) സെക്ഷൻ 8 (3) ആണ് ഇവിടെ വില്ലനാകുന്നത്. ഈ നിയമപ്രകാരം, ക്രിമിനൽ കേസുകളിൽ രണ്ടു വർഷമോ അതിലധികമോ കാലയളവ് ശിക്ഷിക്കപ്പെടുന്ന ഏതൊരു ജനപ്രതിനിധിയും ആ നിമിഷം മുതൽ അയോഗ്യനാക്കപ്പെടുന്നു.
ഇവിടെ മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, അയോഗ്യത എന്നത് ഒരാൾ പ്രഖ്യാപിക്കുന്നതു വരെ കാത്തിരിക്കുന്ന ഒന്നല്ല എന്നതാണ്. ഇതിനെ നിയമഭാഷയിൽ 'Ipso Facto" എന്നാണ് വിളിക്കുക. അതായത്, കോടതി വിധി വന്ന നിമിഷം തന്നെ അയോഗ്യത നിയമപരമായി നിലവിൽ വന്നുകഴിഞ്ഞു. മേൽക്കോടതിയിൽ നിന്ന് ശിക്ഷാവിധിക്ക് സ്റ്റേ (Stay of Conviction) ലഭിച്ചാൽ മാത്രമേ ഈ അയോഗ്യതയിൽ നിന്ന് താത്കാലികമായെങ്കിലും രക്ഷപ്പെടാൻ സാധിക്കൂ. കേവലം ശിക്ഷ നടപ്പിലാക്കുന്നത് തടയുന്ന 'സ്റ്റേ ഒഫ് സെന്റൻസ്" (Stay of Sentence) ഇവിടെ അംഗത്വം നിലനിറുത്താൻ സഹായിക്കില്ല.
നിയമസഭാ
സെക്രട്ടേറിയറ്റ്
ആന്റണി രാജു അയോഗ്യനാണോ എന്ന് തീരുമാനിക്കുന്നത് നിയമസഭാ സ്പീക്കറോ സെക്രട്ടേറിയറ്റോ ആണെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല. സെക്രട്ടേറിയറ്റ് ഒരു റെക്കാർഡിംഗ് ഏജൻസി മാത്രമാണ്: അയോഗ്യത ഇതിനകം തന്നെ നിയമപ്രകാരം സംഭവിച്ചു കഴിഞ്ഞ ഒന്നാണ്. അത് ഔദ്യോഗികമായി രേഖപ്പെടുത്തുക എന്നതു മാത്രമാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ചുമതല.
വിചാരണ കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ നിയമസഭാ സെക്രട്ടറി അതു പരിശോധിച്ച് സ്പീക്കർക്ക് റിപ്പോർട്ട് നൽകുന്നു. തുടർന്ന് സ്പീക്കർ ആ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതായി (Vacant) വിജ്ഞാപനം പുറപ്പെടുവിക്കുന്നു. ഇത് അംഗത്വം ഔദ്യോഗികമായി റദ്ദാക്കപ്പെട്ടതിന്റെ രേഖ മാത്രമാണ്; മറിച്ച് പുതിയൊരു വിധിയല്ല.
തിരഞ്ഞെടുപ്പ്
കമ്മിഷൻ
ഒരിക്കൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി സ്പീക്കർ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ പന്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോർട്ടിലെത്തുന്നു. എന്നാൽ ഇവിടെയും കമ്മിഷന് അയോഗ്യത നിശ്ചയിക്കാൻ അധികാരമില്ല. കമ്മിഷന്റെ പരിധി താഴെ പറയുന്ന കാര്യങ്ങളിൽ ഒതുങ്ങുന്നു:
ഒഴിവുവന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണോ എന്ന് തീരുമാനിക്കുക.
അടുത്ത പൊതുതിരഞ്ഞെടുപ്പിന് എത്ര സമയം ബാക്കിയുണ്ടെന്ന് കണക്കാക്കുക.
നിയമപരമായ തടസങ്ങൾ (അപ്പീൽ, സ്റ്റേ തുടങ്ങിയവ) ഉണ്ടോ എന്ന് പരിശോധിക്കുക.
തിരഞ്ഞെടുപ്പും
പഴുതുകളും
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇതിനുള്ള ഉത്തരം ജനപ്രാതിനിദ്ധ്യ നിയമത്തിലെ സെക്ഷൻ 151 A-യിൽ വ്യക്തമാണ്. സാധാരണഗതിയിൽ ഒരു സീറ്റ് ഒഴിഞ്ഞാൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. എന്നാൽ ഇതിന് ഒരു പ്രധാന ഇളവുണ്ട്. സഭയുടെ കാലാവധി അവസാനിക്കാൻ ആറുമാസത്തിൽ താഴെ മാത്രമേ ഉള്ളൂ എങ്കിൽ ഉപതിരഞ്ഞെടുപ്പ് നിർബന്ധമില്ല.
നിലവിലെ കേരള നിയമസഭയുടെ കാലാവധി 2026 മേയ് മാസത്തിലാണ് അവസാനിക്കുന്നത്. വിധി വരുമ്പോൾ 2026 ജനുവരിയാണ്. അതായത്, സഭയ്ക്ക് ബാക്കിയുള്ളത് ഏകദേശം 4- 5 മാസം മാത്രമാണ്. ഈ സാഹചര്യത്തിൽ സാങ്കേതികമായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ബാദ്ധ്യത തിരഞ്ഞെടുപ്പ് കമ്മിഷന് ഇല്ല. ഇത് രാഷ്ട്രീയമായ ഒരു തീരുമാനമല്ല, മറിച്ച് നിയമപരമായ ഒരു ഇളവ് മാത്രമാണ്.
അവസാന
കച്ചിത്തുരുമ്പ്
ആന്റണി രാജുവിനു മുന്നിലുള്ള ഏക വഴി മേൽക്കോടതിയാണ്. അവിടെ നിന്ന് കേവലം ജാമ്യമോ ശിക്ഷ മരവിപ്പിക്കലോ ലഭിച്ചതുകൊണ്ട് കാര്യമില്ല. ശിക്ഷാവിധി തന്നെ തടഞ്ഞുവയ്ക്കുന്ന 'Stay of Conviction" അത്യാവശ്യമാണ്. സുപ്രീം കോടതിയുടെ മുൻകാല വിധികൾ പരിശോധിച്ചാൽ, അപൂർവങ്ങളിൽ അപൂർവമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം സ്റ്റേ അനുവദിക്കാറുള്ളൂ. കൺവിക്ഷൻ സ്റ്റേ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം മാറിനിൽക്കേണ്ടി വരും.
ചുരുക്കത്തിൽ, തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിയിലൂടെ വ്യക്തമാകുന്നത് ഇന്ത്യൻ ഭരണഘടനയുടെയും നിയമസംവിധാനത്തിന്റെയും കരുത്താണ്. അയോഗ്യത എന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനമല്ല, മറിച്ച് ക്രിമിനൽ കുറ്റം തെളിയിക്കപ്പെട്ടാൽ നിയമം സ്വയം നടപ്പിലാകുന്ന ഒരു പ്രക്രിയയാണ്. ഈ കേസ് പഠിപ്പിക്കുന്നത് നിയമസഭാ സെക്രട്ടേറിയറ്റിന്റെയും, തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കൃത്യമായ അധികാര പരിധികളെക്കുറിച്ചാണ്. നിയമം പ്രവർത്തിക്കുന്നത് വ്യക്തികൾക്കു വേണ്ടിയല്ല, മറിച്ച് വ്യവസ്ഥിതിയുടെ സുതാര്യതയ്ക്കു വേണ്ടിയാണെന്ന സത്യത്തിന് ഈ കേസ് ഒരിക്കൽക്കൂടി അടിവരയിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |