
ട്രെയിനിലെ സുരക്ഷ പലപ്പോഴും ചോദ്യചിഹ്നമാകുന്ന സംഭവങ്ങൾ നടക്കാറുണ്ട്. എന്നാൽ, റെയിൽവേ സ്റ്റേഷനിലും പാർക്കിംഗിലും സുരക്ഷയുണ്ടോ? നിറയെ പെട്രോളുമായി നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അടുത്തടുത്തായി പാർക്ക് ചെയ്യുന്നയിടങ്ങളിൽ ജീവന് എന്ത് വിലയാണുളളത്? റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമാണ് ഇത്രയും വലിയ പാർക്കിംഗ് ഷെഡുകൾ ഏറെയുമുളളത്. ഒരു ബെെക്കിൽ നിന്ന് ഒരു തീപ്പൊരി വീണാൽ ആ പരിസരമാകെ കത്തിച്ചാമ്പലാകില്ലേ? അതാണ് തൃശൂർ റെയിൽവേസ്റ്റേഷനിലെ പാർക്കിംഗ് ഷെഡിൽ സംഭവിച്ചത്. ഒറ്റയടിക്ക് 300 ഓളം ബൈക്കുകൾ കത്തിയമർന്നു, വെറും അരമണിക്കൂറിനുളളിൽ. ഞായറാഴ്ചയായതിനാലും നേരം പുലർന്ന സമയമായതിനാലും വൻ ദുരന്തം ഒഴിവായി. അമ്പത് മീറ്റർ അകലെയാണ് സ്റ്റേഷൻ്റെ മൂന്നാം പ്ളാറ്റ് ഫാേം. അവിടേയ്ക്ക് തീ പടരാതിരുന്നത് അതിലേറെ ഭാഗ്യം.
റെയിൽവേ ഇലക്ട്രിക്കൽ ലൈനിലെ തീപ്പൊരിയാണ് കാരണമായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചന. അതിനെ ആസ്പദമാക്കിയാണ് പൊലീസിൻ്റെ അന്വേഷണവും. ഇലക്ട്രിക്കൽ ലൈനിലെ തീപ്പൊരി ബൈക്കിന് മുകളിൽ വീണെന്നാണ് പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരി മല്ലികയുടേയും മൊഴി. എന്നാൽ ഇക്കാര്യം റെയിൽവേ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഏക്കറിലാണ് ഇരുമ്പ് ഷീറ്റ് മേൽക്കൂരയുള്ള പാർക്കിംഗ് ഷെഡ് ഉണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനിലേക്കും ഓട്ടോമാറ്റിക് സിഗ്നൽ യൂണിറ്റ് റൂമിലേക്കും തീപടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
പാസഞ്ചർ ട്രെയിനുകളാണ് മൂന്നമത്തെ പ്ലാറ്റ്ഫോമിൽ വരാറുള്ളത്. തീ പടർന്നതോടെ രണ്ടാം ട്രാക്കിലുണ്ടായിരുന്ന കണ്ണൂരിലേക്കുള്ള ട്രെയിൻ പിന്നിലേക്ക് നീക്കി. യാർഡിൽ അറ്റകുറ്റപ്പണിക്കായി നിറുത്തിയിട്ടിരുന്ന എൻജിൻ ഭാഗികമായി കത്തി. ഒരു ജീവനക്കാരി മാത്രമാണ് പാർക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്നത്. പാർക്കിംഗ് ഫീസ് പിരിച്ചിരുന്ന ഇവർ തീപിടിത്തമുണ്ടായപ്പോൾ പുറത്തേക്കോടി. നാട്ടുകാരും യാത്രക്കാരും ഓടിയെത്തുമ്പോഴേക്കും മറ്റ് ബൈക്കുകളിലേക്ക് തീപടർന്നു. തീയണക്കുന്നതിനുള്ള ഉപകരണങ്ങളൊന്നും പാർക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്നില്ല. തുടർന്ന് ഫയർ ഫോഴ്സെത്തിയാണ് അരമണിക്കൂറിനുള്ളിൽ തീയണച്ചത്.
ഇൻഷ്വറൻസ് എന്ന് കിട്ടും?
വാഹനങ്ങളുടെ ഇൻഷ്വറൻസ് മാത്രമാണ് ഉടമകൾക്ക് ലഭിക്കുക. റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം കിട്ടില്ല. നടപടിക്രമം പൂർത്തിയാക്കി ഇൻഷ്വറൻസ് ലഭിക്കാനും മാസങ്ങളെടുക്കും. അഗ്‌നിക്കിരയായ വാഹനങ്ങളുടെ ഉടമകൾ കണ്ണീരോടെയാണ് റെയിൽവേ സ്റ്റേഷനിൽ ഓടിയെത്തിയത്. വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് ബെെക്കുകൾ വാങ്ങിയ നിരവധി പേരുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഓടിയെത്തിയവരിൽ സ്ത്രീകളുമുണ്ടായിരുന്നു. പോയത് പോയി ജീവൻ നഷ്ടപ്പെട്ടില്ലല്ലോ എന്നോർത്ത് അവർ ആശ്വസിക്കുന്നുണ്ടായിരുന്നു. അവർ പൊലീസിന് വാഹനങ്ങളുടെ രേഖകൾ കൈമാറി മടങ്ങി.
പാർക്കിംഗ് ഷെഡ് പ്രവർത്തിച്ചത് കോർപറേഷന്റെ അനുമതിയില്ലാതെയാണെന്നാണ് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറയുന്നത്. അതുകൊണ്ടു തന്നെ റെയിൽവേക്ക് കോർപറേഷൻ നോട്ടീസ് നൽകും. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ നഗരത്തിൽ എത്ര പാർക്കിംഗ് സെന്ററുകളുണ്ടെന്ന് പരശോധിക്കാനുളള ഒരുക്കത്തിലാണ് കോർപറേഷൻ.
സുരക്ഷാസംവിധാനങ്ങൾ പേരിന് പോലുമില്ല
തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഏറ്റെടുത്ത കരാർ കമ്പനി തീപിടിത്തം പ്രതിരോധിക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു. സാധാരണ ചെറിയ സ്ഥാപനങ്ങളിൽ പോലും അത്തരം സംവിധാനങ്ങൾ പേരിനെങ്കിലും സ്ഥാപിക്കാറുണ്ട്. എന്നാൽ ഫയർ എക്സ്റ്റ്വിംഗ്വിഷർ അടക്കമുള്ള യാതൊരു ഉപകരണങ്ങളും പാർക്കിംഗ് ഷെഡിലുണ്ടായിരുന്നില്ല. അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ തീ വേഗത്തിൽ കെടുത്താമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. സി.സി ടിവിയും ടിക്കറ്റ് വെൻഡിംഗ് മെഷീനും കത്തിനശിച്ചു. ഹാർഡ് ഡിസ്‌കുകളും കത്തി. ഷെഡിൽ വേണ്ടത്ര വെളിച്ചവുമില്ല. രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമില്ല. പാർക്കിംഗ് സ്റ്റേഷനിലെ ജീവനക്കാർക്ക് പരിചയക്കുറവുണ്ടെന്നാണ് ഫയർഫോഴ്‌സ് പറയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വിളിക്കാനുള്ള കൺട്രോൾ റൂം, ഹെൽപ്പ് ലൈൻ നമ്പറുകളും പ്രദർശിപ്പിച്ചിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
രാവിലെയായതിനാലും ഞായറാഴ്ചയായതിനാലും റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറഞ്ഞത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
പാർക്കിംഗിൽ ബൈക്കുകൾ ദിവസങ്ങളോളം
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ പ്രതിമാസ പാസെടുക്കുന്നവർ ദിവസങ്ങളോളം ബൈക്ക് പാർക്ക് ചെയ്യാറുണ്ട്. പാസ് കാണിച്ചാൽ ജീവനക്കാർ ബൈക്ക് കടത്തിവിടാനും കൊണ്ടുപോകാനും അനുവാദം നൽകും. അതുകൊണ്ടു തന്നെ എത്ര ബൈക്കുകൾ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഉണ്ടെന്ന കൃത്യമായ വിവരം ലഭിക്കില്ല. പാർക്കിംഗ് കേന്ദ്രത്തിന് പുറത്ത് ബൈക്കുകൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുത്തിരുന്നു. ഇതോടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിറഞ്ഞുകവിഞ്ഞു. റെയിൽവ സ്റ്റേഷൻ പരിസരങ്ങളിൽ നിന്ന് ബൈക്കും ഹെൽമെറ്റും മോഷണം പോകുന്നതും വാഹനങ്ങൾ കേടുവരുത്തുന്നതും മുൻകാലങ്ങളിൽ പതിവായിരുന്നു. ഈയിടെയാണ് ഇത്തരം കേസുകൾ കുറഞ്ഞത്.
കുത്തനെ ഫീസ് കൂട്ടും, പക്ഷേ...
വാഹനങ്ങളുടേയും യാത്രക്കാരുടേയും എണ്ണം കൂടുമ്പോൾ പാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തുന്നതല്ലാതെ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ നടപടിയുണ്ടാവാറില്ല. പ്രീമിയം പാർക്കിംഗ് എന്ന പേരിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന വൻ കൊള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് അറുതിയായത്.
കഴിഞ്ഞ വർഷം ജൂണിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചപ്പോൾ യാത്രക്കാരും വാഹന ഉടമകളും വിവിധ സംഘടനകളും പരാതിപ്പെട്ടിരുന്നു. ജി.എസ്.ടി അടക്കമാണ് ഈ നിരക്കുകൾ കൂട്ടിയിരുന്നത്. സൈക്കിൾ, ഇരുചക്ര വാഹനം, 3-4 ചക്ര വാഹനം, മിനി ബസ്/ബസ് എന്നിവയാണ് പലയിടങ്ങളിലായി പാർക്ക് ചെയ്യുന്നത്. തൃശൂർ റെയിൽവേ സ്റ്റേഷൻ എ ക്ളാസ് നിലവാരത്തിൽ പുതുക്കിപ്പണിയുമ്പോൾ പാർക്കിംഗ് ഏരിയ വലിയ പരാജയമാകുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |