
തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി. ഇന്നലെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കെഎസ്ആർടിസി നേടിയത്. ടിക്കറ്റ് ഇനത്തിൽ 12.18 കോടിയും, ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ 13.02 കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കഴിഞ്ഞ സെപ്തംബർ എട്ടാംതീയതിയിലെ 10.19 കോടിയായിരുന്നു റെക്കാേഡ് കളക്ഷൻ.
ജീവനക്കാരുടെ പൂർണമായ സഹകരണത്തിനൊപ്പം മന്ത്രി കെബി ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുമാണ് വൻ വരുമാന നേട്ടം കെഎസ്ആർടിസിക്ക് നൽകിയത്. എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. 35 ഡിപ്പോകൾ ടാർഗറ്റ് പൂർത്തിയാക്കുകയും ചെയ്തു. പുതിയ ബസുകൾ എത്തിയതും ശബരിമല സീസണും വരുമാന വർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. പുതുതായി കൂടുതൽ ബസുകൾ എത്തുന്നതോടെ വരുമാനം ഇനിയും കൂടാൻ ഇടയുണ്ട്. നിലവിൽ സർക്കാർ സഹായം നൽകുന്നുണ്ട്.
കഴിഞ്ഞദിവസം കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു. പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.
ഈ വർഷം 1,201.56 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആർടിസിക്ക് ലഭ്യമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |