
ന്യൂഡൽഹി: വരാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കുതിപ്പിൽ നിർണായകമാവുക ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവിലിയേഴ്സ്. ഹാർദിക് ടീമിനെ കരുത്തുറ്റതാക്കുമെന്നാണ് ഡിവിലിയേഴ്സ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഘടനയെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് ഘട്ടത്തിലും കളിയുടെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ പ്രാപ്തിയുള്ള താരമാണ് ഹാർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ ഈ മികവായിരിക്കും ലോകകപ്പിൽ ഇന്ത്യയെ അപകടകാരികളാക്കുകയെന്നാണ് ഡിവിലിയേഴ്‌സിന്റെ മുന്നറിയിപ്പ്.
'ബാറ്റു കൊണ്ടും പന്ത് കൊണ്ടും മത്സരങ്ങൾ ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ് ഹാർദിക്. ഏത് സാഹചര്യത്തിലും പന്തെറിയാനും ബാറ്റിംഗ് ഓർഡറിൽ എവിടെ വേണമെങ്കിലും കളിക്കാനും അദ്ദേഹത്തിന് സാധിക്കും. ഹാർദിക് ക്രീസിലെത്തുമ്പോൾ എതിർ ടീമിന് വലിയ സമ്മർദ്ദമുണ്ടാകും. അദ്ദേഹം മൂന്നോ നാലോ ഓവർ ബാറ്റ് ചെയ്താൽ കളി കൈവിട്ടുപോകുമെന്ന് എതിരാളികൾ ഭയക്കുന്നു. ഹാർദിക് പന്തെടുത്താൽ ഏത് കൂട്ടുകെട്ടും തകർക്കാൻ ശേഷി അദ്ദേഹത്തിനുണ്ടെന്ന് തോന്നും. സൂര്യകുമാർ യാദവിന് ലഭിച്ച വലിയൊരു ആസ്തിയാണ് ഹാർദിക്.' ഡിവിലിയേഴ്‌സ് പറഞ്ഞു. അഭിഷേക് ശർമ്മയെ ഓപ്പണറായും സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായും പിന്തുണച്ച ഡിവിലിയേഴ്സ് ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവർക്ക് ടീമിൽ ഇടമില്ലാത്തത് നിർഭാഗ്യകരമായെന്നും കൂട്ടിച്ചേർത്തു.

സമീപകാലത്തെ തകർപ്പൻ ഫോമാണ് ഹാർദിക്കിനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ വിദർഭയ്‌ക്കെതിരെ 92 പന്തിൽ 133 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്. അഞ്ച് സിക്സും ഒരു ഫോറുമടക്കം 34 റൺസാണ് ഒരോവറിൽ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികളുമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ഈ ഫോം ലോകകപ്പിലും തുടരാനായാൽ ഇന്ത്യയ്ക്ക് അത് വലിയ ആത്മവിശ്വാസം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |