
അമൽനീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളിൻ, ഷറഫുദ്ദീൻ , ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരി 12ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം എ ആന്റ് എ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദും അൻവർ റഷീദുംചേർന്നാണ് നിർമ്മാണം. ഇതാദ്യമായാണ് അമൽനീരദ് ചിത്രത്തിൽ നസ്ളിൻ ഭാഗമാകുന്നത്.
ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവർ അമൽ നീരദ് ചിത്രങ്ങളിൽ തിളങ്ങിയവരാണ്.
അഭിനവ് സുന്ദർ നായിക്കിന്റെ മോളിവുഡ് ടൈംസ് പൂർത്തിയാക്കിയ നസ്ളിൻ, സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
നസ്ളിന്റെ തമിഴ് അരങ്ങേറ്റം കൂടിയായ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ പ്രധാന കഥാപാത്രമാക്കി ബോഗയ്ൻവില്ല ആണ് അമൽ നീരദിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
ബോഗയ്ൻവില്ലയ്ക്കുശേഷം മോഹൻലാലിനെ നായകനാക്കി അടുത്ത സിനിമ ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചിരുന്നതാണ്. എന്നാൽ ആ പ്രോജക്ട് നടന്നില്ല. ബിഗ് ബിയുടെ തുടർച്ചയായി ബിലാൽ ഒരുക്കാനും ആലോചന ഉണ്ടായിരുന്നു. ഇരു ചിത്രങ്ങളും ഉപേക്ഷിച്ചെ ന്ന വാർത്തകൾ വരുകയും ചെയ്തു.
എന്നാൽ അമൽ നീരദ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബാച്ചിലർ പാർട്ടിക്കുശേഷം അമൽ നീരദ് മൾട്ടി സ്റ്റാർ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം. അമൽ നീരദും യുവതാരങ്ങളും കൈകോർക്കുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |