
കേരളത്തിൽ ഇനിയും വിമാനത്താവളങ്ങൾ വേണമെന്നാണ് പൊതു ആവശ്യം. നാടിന്റെ വികസന മുന്നേറ്റങ്ങളിൽ വിമാനത്താവളങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് ഇനിയും വിമാനത്താവളങ്ങൾ നിർമ്മിക്കണമെന്ന ഉദ്ദേശത്തോടെ സർക്കാർ മുന്നോട്ടുപോകുന്നത്. ശബരിമല വിമാനത്താവളം എന്ന പേരിൽ കോട്ടയം ജില്ലയിലെ എരുമേലി താലൂക്കിലെ ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ നീക്കി. പക്ഷെ, ഒരു വലിയ വിമാനത്താവളം നിർമ്മിക്കാൻ വേണ്ട സ്ഥലത്തേക്കാൾ അധികം ഭൂമി ഏറ്റെടുത്തത് എന്തിന് എന്ന ചോദ്യത്തോടെ, ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയായി. മാത്രമല്ല, സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള തർക്കം നിയമ പോരാട്ടത്തിലുമാണ്. ചെറുവള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് പല തടസ്സങ്ങളുമുണ്ട്. ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയ സ്ഥിതിക്ക് അവിടെ വിമാനത്താവളം നിർമ്മിക്കാനുള്ള പദ്ധതി പ്രവർത്തനങ്ങൾ വീണ്ടും ആദ്യം മുതൽ തുടങ്ങണം. ഈ സർക്കാരിന്റെ കാലത്ത് ഇനി ചെറുവള്ളി വിമാനത്താവളത്തിനുളള പദ്ധതി തുടങ്ങാൻ കഴിയുമോ എന്നു സംശയമാണ്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്നേക്കും.
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളിയിൽ ഭൂമിയേറ്റെടുക്കുന്ന വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കണമെന്ന ആവശ്യം സജീവ ചർച്ചാ വിഷയമായിട്ടുണ്ട്.
@ തടസങ്ങളില്ല
ചെറുവള്ളിയിൽ ഭൂമിയേറ്റെടുക്കലും ആളുകളെ ഒഴിപ്പിക്കലും വലിയ വെല്ലുവിളിയാണ്. നിയമക്കുരുക്കിന്റെ കടമ്പ അതിലും വലുത്. കൊടുമണ്ണിൽ പ്ളാന്റേഷൻ കോർപ്പറേഷന് റബർ കൃഷിക്ക് പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിയിൽ വിമാനത്താവളം നിർമ്മിക്കണമെന്ന നിവേദനം സർക്കാരിന്റെ പക്കലുണ്ട്. ടാപ്പിംഗ് കഴിഞ്ഞതും തീരാറായതുമായ മരങ്ങളാണ് ഇവിടെയുള്ളത്. ആരെയും കുടിയൊഴിപ്പിക്കേണ്ടതില്ല. പഴയ ടാപ്പിംഗ് തൊഴിലാളികളിൽ കുറച്ചുപേർ മാത്രമേ ഇന്ന് ജോലിയിലുള്ളൂ. അവർക്ക് അനുകൂലമായി സർക്കാർ തലത്തിൽ തീരുമാനങ്ങളുണ്ടായാൽ പിന്നെയെല്ലാം എളുപ്പമാണ്.
കൊടുമണ്ണിൽ വിമാനത്താവളത്തിനുള്ള സാദ്ധ്യതയെപ്പറ്റി ആലോചിക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. സർക്കാർ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാൻ നടപടികളുമായി മുന്നോട്ടു പോയതോടെ കൊടുമണ്ണിനെ അവഗണിച്ചു. ചെറുവള്ളിയിൽ ഭൂമിയുടെ ഉടമസ്ഥതയുടെ പേരിലുള്ള തർക്കം കോടതിയിലുണ്ട്. ഇതിനിടെയാണ് ചെറുവള്ളിയിൽ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത്. വലിയ വിമാനത്താവളത്തിന് പോലും 1200 ഏക്കർ മതിയെന്നിരിക്കെ, ചെറുവള്ളിയിൽ 2750ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യമുന്നയിച്ചാണ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത്.
ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കുന്നതിന് പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിലാണ് കൊടുമൺ വീണ്ടും സജീവ പരിഗണനയിലേക്ക് വരുന്നത്. പ്ളാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്റ്റേറ്റിൽ മൂവായിരം ഏക്കറും ചന്ദനപ്പള്ളി എസ്റ്റേറ്റിൽ രണ്ടായിരത്തി എഴുന്നൂറ്റിയൻപത് ഏക്കർ ഭൂമിയുമാണുള്ളത്. ഇവിടെ വിമാനത്താവളം നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ട് മാസങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് റിപ്പോർട്ട് ചോദിച്ചതാ യാണ് വ്യക്തമാകുന്നത്. ജില്ലാ കളക്ടർ വില്ലേജ് ഓഫീസറോട് പഠന റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, നാളിതുവരെയും വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടില്ല.
@ പാർട്ടികളുടെ നിലപാട്
ചെറുവള്ളിയിൽ വിമാനത്താവള നിർമാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയ സാഹചര്യത്തിൽ കൊടുമണ്ണിൽ വിമാനത്താവളം എന്ന ആവശ്യത്തോട് സി.പി.എം ഇതുവരെ പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ചെറുവളളി പദ്ധതിയുമായി മുന്നോട്ടുപോയ സ്ഥിതിക്ക് കൊടുമണ്ണിനെ പാർട്ടി പിന്തുണയ്ക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ല. എന്നാൽ, കൊടുമണ്ണിനെ തള്ളാനും സാദ്ധ്യതയില്ല. ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രദേശം ഉൾക്കൊള്ളുന്ന പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക് ചെറുവള്ളി വിമാനത്താവള പദ്ധതിയോട് അനുകൂല നിലപാടാണുള്ളത്.
അതേസമയം, കൊടുമണ്ണിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ശുപാർശ ചെയ്താൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്താമെന്നാണ് ബി.ജെ.പി നിലപാട്. ശബരിമല അടങ്ങുന്ന മലയോര ജില്ലകൾക്ക് ഒരു വിമാനത്താവളം വേണമെന്നത് പൊതുവായ ആവശ്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രവാസികൾ അടക്കമുള്ള ജനങ്ങൾക്ക് വിമാനത്താവള പദ്ധതി പ്രയോജനപ്പെടും. മലപ്പുറം കഴിഞ്ഞാൽ പ്രവാസികൾ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട. കൊടുമൺ വിമാനത്താവള പദ്ധതിക്കു വേണ്ടി രംഗത്തുള്ളത് കൊടുമൺ സാംസ്കാരിക സമിതിയാണ്. കൊടുമണ്ണിൽ തർക്കങ്ങളില്ലാത്ത സർക്കാർ ഭൂമിയിൽ വിമാനത്താവളം നിർമ്മിക്കണമെന്ന് മുഖ്യമന്ത്രിക്കും എം.പിമാർക്കും സമിതി നിവേദനം നൽകിയിരുന്നു. പരിഗണിക്കാതിരുന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി ഒഴിപ്പിക്കൽ അടക്കം ഒരു തടസവും കൊടുമണ്ണിൽ ഇല്ലെന്നത് വിമാനത്താവളം പദ്ധതിക്ക് അനുയോജ്യ ഘടകമാണെന്ന് സമിതി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ പറയുന്നു. വിമാനത്താവള പദ്ധതി നാടിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നതിൽ ആർക്കും സംശയമില്ല. കൊടുമണ്ണിനെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ എന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ അനുകൂലമാകുമെന്ന് പ്രത്യാശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |