
കെ.എൻ. ബാലഗോപാൽ
ധനകാര്യ മന്ത്രി
ജനങ്ങളുടെ ജീവിതാവശ്യങ്ങൾക്ക് വിനിയോഗിക്കാനുള്ള പണം കേന്ദ്ര സർക്കാർ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഇപ്പോഴത്തെ വലിയ വെല്ലുവിളി. അതിന്റെ അവസാന ഉദാഹരണമാണ്, ഈ ജനുവരി മുതൽ മാർച്ച് വരെ മൂന്നുമാസ കാലയളവിൽ വിനിയോഗിക്കാൻ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച നടപടി.
ഓരോ വർഷവും, ആകെ എടുക്കാവുന്ന വായ്പത്തുക വർഷാദ്യം കേന്ദ്രം തീരുമാനിക്കും, ആദ്യത്തെ ഒമ്പതു മാസം എടുക്കാവുന്ന തുക ഏപ്രിലിൽ അറിയിക്കും. അവസാനത്തെ മൂന്നുമാസത്തേയ്ക്ക് എടുക്കാവുന്ന തുക പിന്നീട് അറിയിക്കും. ഇതനുസരിച്ച് ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേയ്ക്ക് 12,000 കോടി രൂപ വായ്പയെടുക്കാം. പക്ഷേ, 5900 കോടി കുറച്ചാണ് അനുവദിച്ചത്. കിഫ്ബിക്കും പെൻഷൻ കമ്പനിക്കുമായി ബഡ്ജറ്റിന് പുറത്തെടുത്ത വായ്പകളുടെ പേരിലാണ് ഈ കുറവെന്നാണ് വിശദീകരണം. എന്നാൽ, ശമ്പളവും പെൻഷനും അടക്കമുള്ളവ തടസപ്പെടുത്താനാണ് ഇതെന്ന് വ്യക്തമാണ്. ഇതോടെ, ഈ വർഷം സംസ്ഥാനത്തിന് അനുവദനീയമായ കടത്തിൽ നിന്ന് കുറയുന്ന തുക 17,000 കോടി രൂപയായി.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിലാണ് എന്നതിൽ കേന്ദ്ര സർക്കാരിനും എതിരഭിപ്രായമില്ല. സാമ്പത്തികചിട്ടപ്പെടുത്തലിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് റിസർവ് ബാങ്കിന്റെയും സി.എ.ജിയുടെയും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളർച്ച നേടാൻ സാധിക്കുന്നു. തനത് വരുമാനം ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു.
കടം വർദ്ധന
കുറഞ്ഞു
സംസ്ഥാനത്തിന്റെ കടത്തിന്റെ വർദ്ധന നിരക്ക് കുറഞ്ഞു നിൽക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉത്പാദനവുമായുള്ള അനുപാതം ദേശീയ ശരാശരിയിലും താഴെയാണെന്നാണ് സി.എ.ജി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാൻസസ് 2023- 24 റിപ്പോർട്ട് ചൂണ്ടികാട്ടുന്നത് .നമ്മുടെ പൊതുകടം- ജി.എസ്.ഡി.പി അനുപാതം 24.88 ശതമാനമാണ്. ദേശീയ ശരാശരി 26.11 ശതമാനവും.
കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഈവർഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പി.എം ശ്രീ, എൻ.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉൾപ്പെടെ പല പദ്ധതികൾക്കും ബ്രാൻഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നു.
ഇതിനു പുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന തീരുമാനവും വന്നിട്ടുള്ളത്. ഇതുവഴി 3000 കോടിയോളം രൂപയുടെ അധികബാദ്ധ്യത കൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.
നിലപാടിൽ
മാറ്റമില്ല
കേന്ദ്ര വിഹിതങ്ങളിൽ ഇത്രയേറെ കുറവുണ്ടായിട്ടും ക്ഷേമപ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കും പുതിയ വ്യവസായങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ പണം ചെലവിടാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. ഈ ജനപക്ഷ നിലപാട് അംഗീകരിക്കാൻ കഴിയാത്ത കേന്ദ്ര നിലപാടാണ് വായ്പാനുമതി വെട്ടിക്കുറയ്ക്കലിൽ പ്രകടമായത്.
ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചേർന്ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നൽകിയ 6000 കോടി രൂപയ്ക്കു പകരം വായ്പയെടുക്കാൻ അനുവദിക്കണമെന്നും, ഐ.ജി.എസ്.ടി റിക്കവറിയുടെ പേരിൽ പിടിച്ച 965 കോടി രൂപ തിരിച്ചുതരണമെന്നും, ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരിൽ വെട്ടിക്കുറച്ച 3300 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നെങ്കിലും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല.
ഈ വിഷയങ്ങളിൽ സംസ്ഥാനം സുപ്രീം കോടതിയെ വരെ സമീപിച്ചു. ആവശ്യങ്ങളിൽ വസ്തുത ഉണ്ടെന്നു കണ്ട കോടതി, ആ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതുപോലെ കേന്ദ്രത്തിന് വഴങ്ങുന്ന ഒരു നയമല്ല സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിനെതിരെ കോടതിയിൽ പോകാനും ശക്തമായ പ്രക്ഷോഭം നടത്താനും കേരളത്തിലെ ഇടതു സർക്കാർ മാത്രമേ തയ്യാറായിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ വിഷയങ്ങൾ കേരളം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണ്. അർഹമായ പണം നിഷേധിക്കുന്നത് കേരളത്തെ പിന്നിൽനിന്ന് കുത്തുന്നതിന് തുല്യമാണ്. ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേന്ദ്ര നയത്തിനെതിരായ പ്രക്ഷോഭത്തിൽ യു.ഡി.എഫും അണിചേരുകയാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |