
ലിഫ്‌റ്റിന്റെ പ്രവർത്തനം ഏറ്റവും ആവശ്യമായ സ്ഥലങ്ങളിലൊന്നാണ് ബഹുനില സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ. ഗുരുതര നിലയിലുള്ള രോഗികളെ വിശദ പരിശോധനകൾക്കും മറ്റുമായി വിവിധ നിലകളിൽ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങളിരിക്കുന്ന മുറികളിലേക്കും മറ്റും കൊണ്ടുപോകേണ്ടിവരും. എക്സ് റേ യൂണിറ്റുകളും മറ്റുമുള്ളത് മിക്കവാറും താഴത്തെ നിലയിലായിരിക്കും. ഒടിവും ചതവുമേറ്റ രോഗികളെ ഇവിടെ നിന്ന് ലിഫ്‌റ്റിലല്ലാതെ കൊണ്ടുപോകുന്നത് അവരുടെ സ്ഥിതി കൂടുതൽ വഷളാകാനാകും ഇടയാക്കുക. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ സർക്കാർ ആശുപത്രികളിലെ ലിഫ്‌റ്റുകൾ കേടായാൽ കമ്പനിയെ അറിയിക്കാനും, ഇനി അറിയിച്ചാൽത്തന്നെ അവർ വന്ന് നന്നാക്കാനും ദിവസങ്ങളുടെ താമസം സംഭവിക്കുന്നത് ആവർത്തിച്ച് ഉണ്ടാകുന്ന കാര്യമാണ്. പത്രവാർത്തകളും മറ്റും വന്നാലേ ബന്ധപ്പെട്ടവർ പ്രശ്നം പരിഹരിക്കാൻ ഇടപെടൂ എന്ന സാഹചര്യം തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.
ലിഫ്‌റ്റ് മെയിന്റനൻസിന് നൽകേണ്ട പണം കുടിശ്ശികയാകുന്നതാണ് പലപ്പോഴും കമ്പനികളുടെ ഭാഗത്തുനിന്ന് തണുപ്പൻ സമീപനം ഉണ്ടാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ചികിത്സാ ഉപകരണങ്ങൾ പോലെ തന്നെ പ്രധാനമാണ് സർക്കാർ ആശുപത്രികളിലെ ലിഫ്‌റ്റും എന്ന ഒരു സമീപനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് അടിക്കടി ലിഫ്‌റ്റ് വർക്ക് ചെയ്യുന്നില്ലെന്ന് നിസഹായരായ രോഗികളുടെ മുഖത്തു നോക്കി ആശുപത്രി ജീവനക്കാർക്ക് പറയേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്നത്. ആശുപത്രി സന്ദർശിക്കാൻ മന്ത്രി വരുന്നു എന്നറിഞ്ഞാൽ എത്ര വർക്ക് ചെയ്യാത്ത ലിഫ്‌റ്റും മണിക്കൂറുകൾക്കകം പ്രവർത്തിക്കുകയും ചെയ്യും. അപ്പോൾ, വേണമെങ്കിൽ ഇവ ശരിയാക്കാൻ ബന്ധപ്പെട്ടവർക്ക് അറിയാമെന്നതാണ് ഇത്തരം കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ലിഫ്‌റ്റ് വർക്ക് ചെയ്തില്ലെങ്കിലും ലിഫ്‌റ്റ് വഴിയിൽ കുടുങ്ങിയാലും ബന്ധപ്പെട്ടവരോട് ആരും സമാധാനം ചോദിക്കാറില്ല. ഈ പശ്ചാത്തലത്തിൽ, ലിഫ്‌റ്റിൽ 42 മണിക്കൂർ കുടുങ്ങിയ രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ് പ്രകീർത്തിക്കപ്പെടേണ്ടതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്‌റ്റിൽ കുടുങ്ങി രണ്ടുദിവസത്തോളം കഴിയേണ്ടിവന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്കാണ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. രണ്ടുമാസത്തിനകം സർക്കാർ നഷ്ടപരിഹാരം നൽകണം. അതിനുശേഷം ഈ തുക ഉത്തരവാദികളിൽ നിന്ന് നിയമാനുസൃതം ഈടാക്കാം. നഷ്ടപരിഹാരം നൽകിയശേഷം നടപടി റിപ്പോർട്ട് കമ്മിഷൻ ഓഫീസിൽ സമർപ്പിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ജൂലായ് 13-ന് രാവിലെ 11.15 മുതൽ 15-ന് രാവിലെ 6 വരെയാണ് രവീന്ദ്രൻനായർ ലിഫ്‌റ്റിൽ കുടുങ്ങിയത്.
തകരാറിലായ ലിഫ്‌റ്റ് ലോക്ക് ചെയ്യുകയോ സൂചനാ ബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കൽ കോളേജിനുണ്ട്. അതും പാലിക്കപ്പെട്ടില്ല. പ്രസ്തുത ലിഫ്‌റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാലും വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് റിപ്പോർട്ടിലുണ്ട്. ലിഫ്റ്റിൽ കുടുങ്ങി മണിക്കൂറുകളോളം കിടക്കേണ്ടിവന്ന രോഗിക്ക് ജീവൻ നഷ്ടപ്പെടാതിരുന്നത് ആയുസിന്റെ ബലം ഒന്നുകൊണ്ടു മാത്രമാണ്. കമ്മിഷന്റെ ഈ ഉത്തരവ് എത്രയും വേഗം സർക്കാർ നടപ്പാക്കുകയും, കൃത്യവിലോപവും വീഴ‌്‌ചയും വരുത്തിയവർക്കെതിരെ വകുപ്പുതല നടപടികൾ കൈക്കൊള്ളുകയും വേണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനു പുറമെ, രവീന്ദ്രൻ നായരും പരാതി നൽകിയിരുന്നു. എല്ലാ അർത്ഥത്തിലും മനുഷ്യാവകാശം സംരക്ഷിക്കുന്ന ഒരു ഉത്തരവാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |