
ആലുവ: മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) നിര്യാതനായി. ഇന്നലെ 3.40ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയ, വൃക്ക രോഗങ്ങൾ സ്ഥിതി ഗുരുതരമാക്കി. ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊങ്ങോർപ്പിള്ളി വലിയപറമ്പിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനാണ്. ആലുവ മണപ്പുറം റോഡിൽ 'പെരിയാർ ക്രസന്റി"ലായിരുന്നു താമസം. നാല് തവണ എം.എൽ.എയും രണ്ട് വട്ടം മന്ത്രിയുമായി. പൊതുമരാമത്ത്, വ്യവസായ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ മട്ടാഞ്ചേരിയിൽ നിന്നാണ് ആദ്യം നിയമസഭയിലെത്തിയത്. 2006ലും ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 16ലും കളമശേരിയിൽ നിന്ന് വിജയിച്ചു.
2005ൽ ഐസ്ക്രീം വിവാദത്തിൽപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോൾ പകരക്കാരനായാണ് ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. 2011ൽ പൊതുമരാമത്ത് മന്ത്രിയായി. പാലാരിവട്ടംം പാലം അഴിമതിക്കേസിൽ 2020 നവംബർ 18ന് ആശുപത്രിയിലെത്തി വിജിലൻസ് അറസ്റ്റു ചെയ്‌തിരുന്നു. എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു.
ഭാര്യ: കീഴ്മാട് പെരിങ്ങാട്ട് കുടുംബാംഗം നദീറ. മക്കൾ: അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ (ലീഗ് ജില്ലാ ജനറൽ സെക്രട്ടറി), വി.ഇ. അബ്ബാസ്, വി.ഇ. അനൂപ് (ഇരുവരും ബിസിനസ്). മരുമക്കൾ: ദിലാര, നാദിയ, നൗഫിയ. മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാൻ സഹോദരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |