
തിരുവനന്തപുരം: സ്വകാര്യ വിദേശ യാത്രയ്‌ക്കായി കേന്ദ്രം നൽകിയ യാത്രാനുമതി പ്രതിപക്ഷനേതാവ് വിഡി സതീശൻ ദുരുപയോഗം ചെയ്‌തതായി വിജിലൻസ് റിപ്പോർട്ട്. യുകെ സന്ദർശനത്തിനിടെ ഫണ്ട് പിരിവ് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ. സ്വകാര്യ ആവശ്യത്തിനാണെന്ന അപേക്ഷ നൽകിയാണ് നിയമസഭാ സെക്രട്ടറിയിൽ നിന്ന് എൻഒസി വാങ്ങിയതെന്നും യുകെ യാത്രയ്‌ക്ക് കേന്ദ്രാനുമതി തേടിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുനർജനി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ രേഖകൾ പുറത്തുവിട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള രണ്ട് വിജിലൻസ് റിപ്പോർട്ടുകളിൽ ആദ്യവിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സതീശന് യുകെ യാത്രയ്‌ക്കുള്ള അനുമതി നൽകിയത്. പൊളിറ്റിക്കൽ ക്ലിയറൻസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ യാത്രാനുമതി യുകെയിൽ പോയി ഫണ്ട് പിരിവിനായി സതീശൻ ദുരുപയോഗം ചെയ്‌തതായാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
മണപ്പാട് ഫൗണ്ടേഷൻ യുകെയിൽ നടത്തിയ ഫണ്ട് സമാഹരണ പരിപാടിയിൽ വിഡി സതീശൻ പങ്കെടുത്ത് ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെട്ടതായി വിജിലൻസ് കണ്ടെത്തി. ഇതിനായി സമൂഹമാദ്ധ്യമങ്ങളിൽ നിന്നു ലഭിച്ച വീഡിയോകൾ ഉൾപ്പടെ പരിശോധിച്ചിരുന്നു. സതീശന്റെ പ്രവൃത്തി എഫ്‌സിആർഎ നിയമത്തിലെ സെക്ഷൻ3(2) (a) യുടെ കൃത്യമായ ലംഘനമാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗം ചെയ്‌ത് മണപ്പാട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഡാലോചന നടത്തിയാണ് വിദേശ ഫണ്ട് സ്വരൂപിച്ചതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുൻപ് വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സതീശനെതിരെ തെളിവില്ലെന്നാണ് പറയുന്നത്. അതിനും എട്ട് മാസം മുൻപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |