
ഏറെനാളായി ഇന്ത്യൻ കായികരംഗത്ത് കീറാമുട്ടിയായിനിന്ന ഐ.എസ്.എൽ നടത്തിപ്പിൽ ആശ്വാസകരമായ തീരുമാനം ഉണ്ടായിരിക്കുകയാണ്. ഫെബ്രുവരി 14-ന് പുതിയ സീസൺ മത്സരങ്ങൾ തുടങ്ങാനാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റേയും 14 ക്ളബ് ഉടമകളുടേയും സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സിന് വേദിയൊരുക്കാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് സ്വന്തമായി ഫസ്റ്റ്ഡിവിഷൻ ദേശീയ ഫുട്ബാൾ ലീഗ് നടത്താനാകാത്തത് ആഗോളതലത്തിൽ നാണക്കേടായിരുന്നു. 10 വർഷമായി ഐ.എസ്.എൽ നടത്തിയിരുന്ന റിലയൻസിന്റെ ഫുട്ബാൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡും ഫുട്ബാൾ ഫെഡറേഷനും തമ്മിലുള്ള കരാർ ഡിസംബറിൽ അവസാനിച്ചിരുന്നു. ജൂണിൽ കരാർ പുതുക്കാൻ ചർച്ചകൾ തുടങ്ങിയെങ്കിലും ഫെഡറേഷൻ ഭരണഘടനാ ഭേദഗതി ഉൾപ്പടെയുള്ള കാര്യങ്ങളിൽ സുപ്രീം കോടതിയിൽ കേസുള്ളതിനാൽ കരാർ പുതുക്കാനായില്ല. ഭരണഘടനാ ഭേദഗതി കോടതി അനുവദിച്ചശേഷവും പുതിയ കായികനിയമം അനുസരിച്ച് കരാർ പുതുക്കാൻ കഴിയാതെ വന്നതോടെയാണ് ഐ.എസ്.എല്ലും ഐ ലീഗും പെരുവഴിയിലായതും, കേന്ദ്ര കായിക മന്ത്രാലയത്തിന് വിഷയത്തിൽ ഇടപെടേണ്ടിവന്നതും.
ഐ.എസ്.എൽ പുനരാരംഭിക്കുന്നതു സംബന്ധിച്ച് കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അടങ്ങിയ കോ- ഓർഡിനേഷൻ കമ്മിറ്റി ഫുട്ബാൾ ഫെഡറേഷന് റിപ്പോർട്ട് നൽകിയിരുന്നു. ടൂർണമെന്റിന്റെ ടെലിവിഷൻ സംപ്രേഷണാവകാശത്തിന് വാണിജ്യ പങ്കാളികളെ ലഭിക്കുന്നതുവരെ ഫെഡറേഷൻ ടൂർണമെന്റ് നടത്തിപ്പിന് പണം മുടക്കണമെന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ ഫെഡറേഷൻ തയ്യാറായതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
കേരള ബ്ളാസ്റ്റേഴ്സ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ്, എഫ്.സി ഗോവ, മുംബയ് സിറ്റി, ചെന്നൈയിൻ എഫ്.സി, എസ്.സി ഡൽഹി, ബംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂർ എഫ്.സി, ഒഡിഷ എഫ്.സി, ഇന്റർ കാശി ക്ളബുകളാണ് ഐ.എസ്.എല്ലിൽ മാറ്റുരയ്ക്കുന്നത്. ഈ ക്ളബുകളുടെ പ്രതിനിധികളെല്ലാം ചർച്ചയിൽ പങ്കെടുത്തിരുന്നു.
25 കോടി രൂപയാണ് ഒരു സീസൺ ഐ.എസ്.എല്ലിനായി ചെലവ് വരികയെന്നും, ഇതിൽ 14 കോടി രൂപ തങ്ങൾ ഇക്കുറി ചെലവഴിക്കുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചിട്ടുണ്ട്. 3.5 കോടി രൂപ ഐ ലീഗിനായി മുടക്കും. വാണിജ്യ സംപ്രേഷണ അവകാശം റിലയൻസിന് നൽകുന്നതിലൂടെ പ്രതിവർഷം 50 കോടി രൂപ ഫെഡറേഷന് കിട്ടിയിരുന്നതാണ്. 91 മത്സരങ്ങൾ അടങ്ങുന്ന ഫുൾ സീസൺ മത്സരങ്ങൾ നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. പതിവ് രീതിയിൽ ഹോം ആൻഡ് എവേയായി മത്സരങ്ങൾ നടത്താൻ സാമ്പത്തിക പ്രയാസവും സമയക്കുറവുമുണ്ട്. എങ്കിലും മത്സരങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനോട് എല്ലാ ക്ളബുകളും യോജിച്ചിട്ടില്ല. അതേസമയം സീസൺ തുടങ്ങാൻ വൈകിയതോടെ പല ക്ളബുകളിലെയും വിദേശ താരങ്ങൾ മറ്റ് ക്ളബുകളിലേക്ക് കുടിയേറിക്കഴിഞ്ഞു. മത്സരങ്ങളില്ലാതെ ഇന്ത്യയിൽ തുടരുന്നത് തങ്ങൾക്കും ക്ളബുകൾക്കും നല്ലതല്ലെന്ന തിരിച്ചറിവാണ് അവരെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചത്.
ലീഗിന്റെ അരക്ഷിതാവസ്ഥ വിദേശതാരങ്ങളുടെ ഭാവിയിലെ പങ്കാളിത്തത്തെയും ബാധിക്കും. ഇന്ത്യയിൽ ക്രിക്കറ്റ് അല്ലാതെ മറ്റൊരു കായിക ഇനത്തിനും വളരാനാവില്ലെന്ന ധാരണ ഉറപ്പിക്കാനേ ഫുട്ബാൾ ഫെഡറേഷനിലെ പ്രതിസന്ധികൾ വഴിവച്ചിട്ടുള്ളൂ. രാജ്യത്തിന്റെ കായിക യശസിനു തന്നെ കളങ്കമാകുന്നതാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ. പ്രശ്നങ്ങൾ പരിഹരിക്കാൻ കായിക മന്ത്രാലയം തന്നെ മുന്നിട്ടിറങ്ങിയത് നല്ല തീരുമാനമാണ്. സാമ്പത്തിക സഹായം നൽകുന്നത് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഇനിയുള്ള കാലങ്ങളിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് എല്ലാ കായിക ഫെഡറേഷനുകളുടെയും ഉത്തരവാദിത്വമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |