
തിരുവനന്തപുരം: നിയമസഭാസമ്മേളനം 20 മുതൽ മാർച്ച് മൂന്നാം ആഴ്ച വരെ വിളിക്കാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തു. സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കുകയാണ് ലക്ഷ്യം. 20ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ആരംഭിക്കും. 29ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റ് അവതരിപ്പിക്കും.
അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയ്ക്ക് അന്ത്യോപചാരമർപ്പിച്ച് 21ന് സഭ പിരിയും. സാധാരണ വെള്ളിയാഴ്ചയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. ഇത്തവണ ചൊവ്വാഴ്ചയാണ് സഭാസമ്മേളനം ആരംഭിക്കുന്നത്. 22, 27, 28 തീയതികളിൽ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.
മൂന്നു ദിവസത്തെ ബഡ്ജറ്റ് ചർച്ചയ്ക്കുശേഷം സഭാ സമ്മേളനം താത്കാലികമായി അവസാനിപ്പിക്കും. വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റിക്കു പോകും. ഫെബ്രുവരി 23നു സഭ വീണ്ടും ചേരും. മാർച്ച് പകുതിയോടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയാനാണ് ധാരണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |