
ആലപ്പുഴ: പാമ്പ് ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ആക്രമണങ്ങളിൽ നിന്നു രക്ഷയ്ക്കായി സ്കൂളുകളിൽ ഫസ്റ്റ്എയ്ഡ് റൂമുൾപ്പെടെ സംവിധാനങ്ങൾ സജ്ജമാക്കും. പ്രഥമ ശുശ്രൂഷയ്ക്കായി പരിശീലനം സിദ്ധിച്ച സ്കൂൾ ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം വിഷബാധയേറ്റാൽ സ്വീകരിക്കേണ്ട നടപടികളുടെ ആക്ഷൻ പ്ളാനിനും ആരോഗ്യവകുപ്പ് രൂപം നൽകി.
ബത്തേരിയിലെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുളത്തൂർ ജയ്സിംഗ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നുള്ള മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. കുറഞ്ഞത് രണ്ടു ജീവനക്കാരെയെങ്കിലും സമീപത്തെ സർക്കാർ ആശുപത്രിയുടെ സഹകരണത്തോടെ സി.പി.ആർ, മുറിവ് പരിചരണം, പ്രഥമ ശുശ്രൂഷ എന്നിവയിൽ പരിശീലനം നേടാൻ നിയോഗിക്കണം. വിഷചികിത്സ, ശിശുരോഗ ചികിത്സ എന്നിവയിൽ വൈദഗ്ധ്യമുള്ള ആശുപത്രികളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏകോപനമുണ്ടാക്കണം. പാമ്പുപിടിത്ത വിദഗ്ദ്ധരുടെയും 108 ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി സർവീസുകളുടെയും ആന്റിവെനം ലഭ്യമാകുന്ന ആശുപത്രികളുടെയും പേരും നമ്പരുമുൾപ്പെടെ സ്കൂളുകളിലുണ്ടാകണം. സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം മേൽനോട്ടത്തിന് ആരോഗ്യ, പൊതുവിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാനും അഡിഷണൽ ചീഫ്സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശമുണ്ട്.
മറ്റ് നിർദ്ദേശങ്ങൾ
1. കുട്ടികളുടെ ബാഗും ഷൂസും ക്ലാസിനു പുറത്തുസൂക്ഷിക്കരുത്. കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിനു കയറിയിരിക്കാവുന്ന സാഹചര്യങ്ങളില്ലെന്ന് ഉറപ്പാക്കണം
2. ക്ലാസ് മുറികളുടെ അവസ്ഥ, ടോയ്ലെറ്റുകൾ, വൈദ്യുതി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം
3. തുറന്ന കുഴികൾ, തകർന്ന തറ, വൈദ്യുതി വയറുകൾ, ഉറപ്പില്ലാത്ത വാതിലും ജനാലുകളും എന്നിവ നന്നാക്കണം
4. സ്കൂൾപരിസരത്ത് കാടുപിടിക്കാനും വെള്ളം കെട്ടിക്കിടക്കാനും പാടില്ല. പാമ്പോ വന്യജീവികളോ വരാനുള്ള സാഹചര്യങ്ങളില്ലാതാക്കണം
വിദ്യാർത്ഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ -തദ്ദേശ സ്ഥാപനങ്ങളാണ് ഉത്തരവ് നടപ്പാക്കേണ്ടത്.
- പാമ്പ് വിഷ പ്രതിരോധ നോഡൽ ഓഫീസ്,
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |