
പത്തനംതിട്ട: ജില്ലയിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളും നിലവിൽ എൽ.ഡി.എഫിന്റെ പക്കൽ. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ചിടങ്ങളിലും യു.ഡി.എഫ് ലീഡ് നേടിയത് ഇടതു മുന്നണിയെ ഞെട്ടിച്ചു. ആറന്മുള, കോന്നി മണ്ഡലങ്ങളിലടക്കം ശക്തമായ വേരോട്ടമുള്ള ബി.ജെ.പി വിജയപ്രതീക്ഷയോടെ കരുക്കൾ നീക്കുന്നു.
ശബരിമല ഉൾപ്പെടുന്ന ജില്ലയിൽ തദ്ദേശത്തിലെന്നപോലെ സ്വർണക്കൊള്ളക്കേസ് നിയമസഭ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചയാകും. സി.പി.എം ജില്ലാകമ്മിറ്റിയംഗമായ എ.പദ്മകുമാർ സ്വർണക്കൊള്ളക്കേസിൽ ജയിലിലായത് സി.പി.എമ്മിന് തിരിച്ചടിയാണ്. തദ്ദേശത്തിൽ നേടിയ മേൽക്കൈ നിയമസഭയിലും ആവർത്തിക്കാനാണ് യു.ഡി.എഫ് ശ്രമം.
ആറന്മുളയിൽ മന്ത്രി വീണാജോർജാകും വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഒാർത്തഡോക്സ് സഭ, നായർ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, പഴകുളം മധു, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി എന്നിവർ പരിഗണനയിൽ. ബി.ജെ.പിയിൽ കുമ്മനം രാജശേഖരന് സാദ്ധ്യത. മുൻ ബ്ളോക്ക് പഞ്ചായത്തംഗവും ജൈവകർഷകനുമായ അജയകുമാർ വല്യുഴത്തിന്റെ പേരും ഉയരുന്നു.
കോന്നിയിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ തന്നെയാകും സ്ഥാനാർത്ഥിയെന്ന് സി.പി.എം കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് കേൾക്കുന്നു. അടൂർ പ്രകാശ് അല്ലെങ്കിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലായിരിക്കും സ്ഥാനാർത്ഥി. എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് സീറ്റ് ചോദിക്കുന്നു. കിട്ടിയാൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറിന് സാദ്ധ്യത.
അടൂരിൽ സി.പി.ഐയുടെ പരിഗണനാപട്ടികയിൽ പന്തളം നഗരസഭാ വൈസ് ചെയർമാൻ കെ. മണിക്കുട്ടൻ, ആലപ്പുഴ സ്വദേശിയായ എ.ഐ.വൈ.എഫ് നേതാവ് അഡ്വ. സി.എ. അരുൺ എന്നിവരാണുള്ളത്. എം.എൽ.എ സ്ഥാനത്ത് മൂന്നു ടേം പിന്നിട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ചിലപ്പോൾ പരിഗണിച്ചേക്കും.
കോൺഗ്രസിൽ പന്തളം സുധാകരന് പ്രധാന പരിഗണന. മുൻ എം.പി രമ്യാ ഹരിദാസ്, പ്രാദേശിക നേതാവ് ബാബു ദിവാകരൻ എന്നിവരും പട്ടികയിലുണ്ട്. തിരുവല്ലയിൽ സിറ്റിംഗ് എം.എൽ.എ ജനതാദൾ എസിലെ മാത്യു ടി.തോമസ് തന്നെയാകും വീണ്ടും മത്സരിക്കുക. യു.ഡി.എഫിൽ കേരള കോൺഗ്രസിലെ (ജോസഫ്) ജോസഫ് എം.പുതുശേരിക്ക് സാദ്ധ്യത. ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ പാർട്ടി പരിഗണിച്ചേക്കും.
റാന്നിയിൽ പ്രമോദ് നാരായണൻ എം.എൽ.എയെയാകും കേരള കോൺഗ്രസ് (എം) വീണ്ടും പരിഗണിക്കുക. കോൺഗ്രസിൽ കെ.പി.സി.സി അംഗം അഡ്വ.കെ.ജയവർമ്മയ്ക്ക് മുൻഗണന. കെ.പി.സി.സി ജനറൽ സെക്രട്ടറി റിങ്കു ചെറിയാന്റെ പേരുമുണ്ട്. ബി.ജെ.പി, ജില്ലാസെക്രട്ടറി ഷൈൻ ജി.കുറുപ്പിനെ പരിഗണിക്കുന്നു.
2021ലെ നിയമസഭാ തിര. ഫലം
മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം
ആറൻമുള: വീണാജോർജ്, എൽ.ഡി.എഫ്, 19003
കോന്നി: കെ.യു.ജനീഷ് കുമാർ,എൽ.ഡി.എഫ്, 8508
അടൂർ: ചിറ്റയം ഗോപകുമാർ,എൽ.ഡി.എഫ്, 2919
റാന്നി: പ്രമോദ് നാരായണൻ,എൽ.ഡി.എഫ്,1285
തിരുവല്ല: മാത്യു ടി.തോമസ്,എൽ.ഡി.എഫ്, 11421
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |