
എൽ.ഡി.എഫ്- 110
യു.ഡി.എഫ്- 100+
ബി.ജെ.പി- 40
തിരുവനന്തപുരം: ഇടതുമുന്നണിക്ക് 110 സീറ്റെന്ന ലക്ഷ്യവുമായി 'മിഷൻ 110'മായി സി.പി.എം. 'ലക്ഷ്യ 2026'ലൂടെ യു.ഡി.എഫിന് 100 സീറ്റിലധികം നേടാൻ കോൺഗ്രസ്. 40 സീറ്റ് ലക്ഷ്യമിട്ട് 'മിഷൻ 40'മായി ബി.ജെ.പി. സീറ്റ് ടാർജറ്റ് നിശ്ചയിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ അങ്കം കുറിച്ച് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയ ചർച്ചകളും തുടങ്ങിയതോടെ സംസ്ഥാനത്ത് ഇലക്ഷൻ മൂഡ്.
കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിനു ശേഷമാണ് മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 'മിഷൻ 110' അവതരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ല. 30 നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫ് പിന്നിലായത്. ഭരണവിരുദ്ധ വികാരമില്ല. സമയബന്ധിതമായ നടപടികളിലൂടെ ഭരണം നിലനിറുത്താനാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രചാരണ മേൽനോട്ടത്തിന് ഉപസമിതി രൂപീകരിച്ച് 50 ദിവസത്തെ ദൗത്യം മന്ത്രിമാർക്ക് വീതിച്ചു നൽകും.
സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലിൽ ഉറച്ച വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ദിവസം വയനാട് ചേർന്ന നേതൃക്യാമ്പിലാണ് 'ലക്ഷ്യ 2026' കോൺഗ്രസ് അവതരിപ്പിച്ചത്. യു.ഡി.എഫിന് 100 സീറ്റുകളിലധികം നേടാനുള്ള മാർഗരേഖയാണിത്. കോൺഗ്രസ് മാത്രം 70 സീറ്റിനു മുകളിലും ലക്ഷ്യമിടുന്നു.
നിയമസഭയിൽ ഭൂരിപക്ഷം ലക്ഷ്യമല്ലെങ്കിലും തൂക്കുസഭാ പ്രതീക്ഷയുമായി കറുത്ത കുതിരയാകാനാണ് ബി.ജെ.പിയുടെ ശ്രമം. 40 സീറ്റ് ലക്ഷ്യമിട്ടുള്ളതാണ് 'മിഷൻ 40'.
പതിനഞ്ച് സീറ്റുകളിൽ അതീവ ശ്രദ്ധയും നൽകും.
വികസന നേട്ടം വോട്ടാക്കാൻ ഇടത്
സർക്കാരിന്റെ വികസന നേട്ടങ്ങൾക്കൊപ്പം രാഷ്ട്രീയവും പറയുന്ന സന്തുലിത പ്രചാരണ തന്ത്രമാകും ഇടതുമുന്നണിയുടേത്
ശബരിമല വിഷയത്തിൽ ഉൾപ്പെടെ സി.പി.എമ്മിന്റെ ഭാഗം വിശദീകരിക്കാൻ സോഷ്യൽ മീഡിയ ഇടപെടൽ ശക്തമാക്കാനും 'മിഷൻ 110' ലക്ഷ്യമിടുന്നു
16, 17 തീയതികളിൽ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്കുശേഷം സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കു കടക്കും
അടിത്തറ ഭഭ്രമെന്ന് കോൺഗ്രസ്
അടിത്തറ ഭദ്രമാണെന്ന വിലയിരുത്തലിൽ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. 20നകം സീറ്റ് വിഭജനം പൂർത്തിയാക്കും
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി 13നും, 14നുമായി കേരളത്തിലെത്തി സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കും
ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം. ശേഷിക്കുന്നത് അടുത്ത മാസത്തോടെയും
പഴുതടച്ച പ്രചാരണത്തിന് ബി.ജെ.പി
ഈ മാസം 11ന് കേന്ദ്രമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യും
അതിനുശേഷം സ്ഥാനാർത്ഥി നിർണയ നടപടികളിലേക്ക് കടക്കും
സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ വിജയം ഉറപ്പാക്കാൻ പഴുതുകളില്ലാത്ത പ്രചാരണമാണ് ലക്ഷ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |