
ചെന്നൈ: വിജയ്‌യുടെ 'ജനനായകൻ' പൊങ്കലിന് തിയേറ്ററുകളിൽ എത്തില്ല. ജനനായകൻ റിലീസ് ചെയ്യാൻ ഇന്നലെ രാവിലെ മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടെങ്കിലും ഉച്ചയ്ക്കു ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു;ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സിംഗിൾ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാനാണ് ചിത്രത്തിന്റെ നിർമ്മാതാക്കളുടെ തീരുമാനം.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചാണ് ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡിന്റെ തീരുമാനവും റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ സെൻസർ ബോർഡ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഉത്തരവ് ചീഫ് ജസ്റ്റിസ് മഹീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൺ മുരുകൻ എന്നിവരുടെ ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു.സെൻസർ സർട്ടിഫിക്കറ്റിൽ തീരുമാനമെടുക്കാൻ മതിയായ സമയം നൽകിയില്ലെന്ന് കാണിച്ചാണ് സ്റ്റേ അനുവദിച്ചത്. കേസ് 21ന് കോടതി വാദം കേൾക്കും.
അതേസമയം ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്ക് ഇന്നലെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ചിത്രം ഇന്ന് റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ പരാശക്തിയിൽ നിന്നു 15 രംഗങ്ങൾ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സെൻസർ ബോർഡ് നോട്ടിസ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |