
ഗാസിയാബാദ്: ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടങ്ങളാണ് ഭക്ഷണശാലകൾ. നല്ല ശുചിത്വം പിന്തുടരുന്ന നിരവധി ഹോട്ടലുകളുണ്ടെങ്കിലും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നവരുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്തൂരി റൊട്ടി തയ്യാറാക്കുന്നതിനിടയിൽ ജീവനക്കാരൻ അതിലേക്ക് തുപ്പുന്നതാണ് വീഡിയോ. ഗാസിയാബാദിലെ 'ചിക്കൻ പോയിന്റ്' എന്ന റെസ്‌റ്റോറന്റിലാണ് സംഭവം. ഈ സമയം അവിടെയുണ്ടായിരുന്നവരിൽ ഒരാളാണ് വീഡിയോ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം കടുത്ത പൊതുജന രോഷത്തിന് കാരണമായി.
വീഡിയോ പരിശോധിച്ചപ്പോൾ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായി കവിനഗർ എസിപി സൂര്യബലി പറഞ്ഞു. റൊട്ടി തയ്യാറാക്കിയ ജാവേദ് അൻസാരി എന്ന ജീവനക്കാരനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌തെന്നും ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസിയാബാദിൽ ഇതിനുമുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മൂത്രത്തിൽ കലർത്തിയ പഴച്ചാറുകൾ വിളമ്പിയതിന്റെ പേരിൽ ഇവിടെയുള്ള ഒരു കടയുടമയെ നാട്ടുകാർ ചേർന്ന് മർദിച്ച സംഭവമുണ്ടായിട്ടുണ്ട്. ഖുഷി ജ്യൂസ് കോർണർ എന്ന കടയിലായിരുന്നു സംഭവം. തുടർന്ന് കടയുടമയെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും അയാളുടെ പ്രായപൂർത്തിയാകാത്ത സഹായിയിയെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങൾ തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |