
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യൻ ടീമിൽ ഇടം നേടി ധ്രുവ് ജുറേൽ. പരിക്കേറ്റ് പുറത്തുപോയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരക്കാരനായിട്ടാണ് ജുറേലിനെ സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയത്. നെറ്റ്സ് പരിശീലനത്തിനിടെയാണ് പന്തിന് പരിക്കേറ്റത്. ത്രോഡൗൺ സ്പെഷ്യലിസ്റ്റിന്റെ ബൗൾ വാരിയെല്ലിൽ കൊള്ളുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ലിന് ആയാസം കണ്ടെത്തിയതിനെ തുടർന്നാണ് താരം പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനമാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ജുറേലിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. സീസണിലെ ഏഴ് മത്സരങ്ങളിൽ നിന്നായി 90ന് മുകളിൽ ശരാശരിയിൽ 558 റൺസാണ് ജുറേൽ അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ രണ്ട് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ സെലക്ടർമാർ ജൂറേലിനെ ടീമിലേക്ക് വിളിക്കുകയും താരം രാത്രിയോടെ വഡോദരയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ജുറേൽ ഭാഗമായിരുന്നുവെങ്കിലും ഇതുവരെ താരം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. ഇതുവരെ ഇന്ത്യക്കായി ഒമ്പത് ടെസ്റ്റുകളും നാല് ട്വന്റി-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1:30ന് വഡോദരയിലാണ് പരമ്പരയിലെ ആദ്യ മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |