
ബംഗളൂരു: പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി. ടിവി ചാനൽ ഇഷ്‌ടാനുസരണം മാറ്റാൻ അനുവദിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ബംഗളൂരു സ്വദേശി അബുസറിനും (36) മാതാപിതാക്കൾക്കും എതിരായ പരാതിയിൽ പ്രാഥമികാന്വേഷണം പോലും നടത്താതെ ഗാർഹിക പീഡന വകുപ്പ് ചുമത്തിയ പൊലീസിനെ കോടതി വിമർശിച്ചു.
2020ൽ നടന്ന സംഭവത്തിൽ കഴിഞ്ഞ വർഷമാണ് യുവതി പരാതിപ്പെട്ടത്. വണ്ണം കൂടുമെന്ന് പറഞ്ഞ് ചോറും മാംസാഹാരവും കഴിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അബുസറിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ ഇയാൾക്ക് ജോലിക്കായി യുഎസിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. പിന്നീട് 2024ൽ കോടതിയുടെ ഇടപെടലിനെ തുടർന്നാണ് യാത്രാനുമതി ലഭിച്ചത്.
പ്രസവിച്ച ശേഷം ഉയർന്ന രക്തസമ്മർദ്ദമുണ്ടായിരുന്നതിനാലാണ് ഭക്ഷണം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതെന്ന് അബുസറിൻ വാദിച്ചു. യുഎസിൽ താമസിക്കുന്ന സമയത്ത് വീട്ടുജോലികളെല്ലാം താനാണ് ചെയ്‌തിരുന്നതെന്നും ഭാര്യ ടെലിവിഷൻ കാണുകയും കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും അദ്ദേഹം അവകാശപ്പെടുന്നു. വീട്ടിലെ ജോലികൾ തീർത്തതിന് ശേഷമാണ് എല്ലാദിവസവും ജോലിക്ക് പോയിരുന്നതെന്നും അബുസറിൻ വാദിച്ചു.
ഇരുഭാഗങ്ങളുടെയും വാദം കേട്ട കോടതി അബുസറിന് അനുകൂലമായി വിധിപറയുകയായിരുന്നു. പൊലീസുദ്യോഗസ്ഥർ നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും പരാതിക്കാരിയുടെ പ്രധാന ലക്ഷ്യം ഭർത്താവ് യുഎസിലെ ജോലിയിലേക്ക് മടങ്ങുന്നത് തടയുകയായിരുന്നെന്നും ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |