
നാണയപ്പെരുപ്പവും കമ്പനികളുടെ ലാഭക്കണക്കുകളും നിർണായകം
കൊച്ചി: കനത്ത തകർച്ചയിൽ നിന്ന് കരകയറാൻ പോസിറ്റീവ് ധനകാര്യ വാർത്തകളാണ് രാജ്യത്തെ ഓഹരി നിക്ഷേപകർ ഈ വാരം കാത്തിരിക്കുന്നത്. ഡിസംബറിലെ നാണയപ്പെരുപ്പ കണക്കുകളും വിവിധ ബ്ളൂ ചിപ്പ് കമ്പനികളുടെ പ്രവർത്തന ഫലവും വിപണിക്ക് ആവേശം പകർന്നേക്കും. ആഗോള മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളും വിദേശ ഫണ്ടുകളുടെ ട്രെൻഡുകളും വിപണിയെ സ്വാധീനിക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കുറയാൻ ക്രൂഡോയിൽ വില വർദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കാരണമാകും. റഷ്യയിൽ നിന്നും ക്രൂഡോയിൽ വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിയും നിക്ഷേപകരുടെ വിശ്വാസത്തെ ബാധിക്കുന്നു. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളും ഇറാനിലെ രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധിയും വിപണിയുടെ ചലനങ്ങളെ ബാധിക്കും.
പ്രവർത്തന ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, ടെക്ക് മഹീന്ദ്ര
കഴിഞ്ഞ വാരം സെൻസെക്സിലെ ഇടിവ്
2,185.77 പോയിന്റ്സ്
നിഫ്‌റ്റിയിലെ നഷ്‌ടം
645.25 പോയിന്റ്‌സ്
മുഖ്യ കമ്പനികളുടെ വിപണി മൂല്യം മൂക്കുകുത്തി
രാജ്യത്തെ ഏഴ് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 3.63 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ വിപണി മൂല്യം ഇക്കാലയളവിൽ 1.58 ലക്ഷം കോടി രൂപ കുറഞ്ഞ് 19.96 ലക്ഷം കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യത്തിൽ 96,153.61 കോടി രൂപ കുറഞ്ഞു. ഭാരയി എയർടെൽ, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ടി.സി.എസ്, ഇൻഫോസിസ് എന്നിവയും കനത്ത തിരിച്ചടി നേരിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |