
കൊച്ചി: ഗ്രാഫീനും ദ്വിമാന (2 ഡി) വസ്തുക്കളും ഉപയോഗിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവുമായ 'ഗ്രാഫിൻ ഇന്ത്യ 2026' മാർച്ച് ഒമ്പത് മുതൽ 12 വരെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും.
രാജ്യത്തെ ഗ്രാഫീൻ ഗവേഷണരംഗത്ത് മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി മന്ത്രാലയത്തിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയാണ് (സിമെറ്റ് ) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്പെയിനിലെ ഫാന്റം ഫൗണ്ടേഷനും യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ദ്വിമാന വസ്തുക്കൾ ഇലക്ട്രോണിക്സ്, ബാറ്ററി, മെഡിക്കൽ ഉപകരണങ്ങൾ, ജലശുദ്ധീകരണ ഫിൽറ്റർ, സ്മാർട്ട് കോട്ടിംഗ് എന്നിവയിൽ വിപ്ലവകരമായ സാദ്ധ്യതകൾ ഗ്രാഫീൻ തുറക്കുന്നതായി സിമെറ്റ് ഡയറക്ടർ ജനറൽ ഡോ. ആർ. രതീഷ് അറിയിച്ചു. ഗ്രാഫീൻ ഗവേഷണത്തിൽ നോബൽ സമ്മാനം നേടിയ പ്രൊഫ. കോസ്ത്യ നോവോസെലോവ്, പ്രൊഫ. പുലിക്കൽ അജയൻ, കേംബ്രിജ് സർവകലാശാലയിലെ പ്രൊഫ. ആൻഡ്രിയ ഫെറാരി എന്നിവർ പ്രഭാഷണം നടത്തുമെന്ന് സിമെറ്റ് തൃശൂർ സെന്റർ മേധാവി ഡോ. വൈ. പുരുഷോത്തം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |