
അമേരിക്കൻ പ്രതിസന്ധി മറികടക്കാൻ തന്ത്രം മാറ്റുന്നു
കൊച്ചി: അമേരിക്കയിലെ തീരുവ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ പുതിയ വിപണികൾ കണ്ടെത്തുന്നു. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തോടെ അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടനെയൊന്നും യാഥാർത്ഥ്യമാകില്ലെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. ആഗസ്‌റ്റ് മുതൽ 50 ശതമാനം തീരുവ ഈടാക്കുന്നതിനാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി ഇടിയുകയാണ്. ഉത്പാദന, കയറ്റുമതി രംഗത്തെ ആഗോള ഹബാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും അമേരിക്കൻ നടപടി കടുത്ത വെല്ലുവിളിയാണ്. ടെക്സ്‌റ്റൈയിൽ, സമുദ്രോത്പന്നങ്ങൾ, സ്വർണം, ഡയമണ്ട് ആഭരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ വൻതോതിൽ തൊഴിൽ നഷ്‌ടമാണ് ഇതോടെയുണ്ടായത്. തിരിച്ചടി മറികടക്കുന്നതിനായി യൂറോപ്യൻ യൂണിയൻ, യൂറോഷ്യൻ ഇക്കണോമിക് യൂണിയൻ, മെക്സികോ, ചിലി, സൗത്ത് അമേരിക്കൻ രാജ്യങ്ങൾ എന്നിവയുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഊർജിതമാക്കി. കഴിഞ്ഞ വർഷം ബ്രിട്ടൻ ഉൾപ്പെടെ നാല് മേഖലകളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചിരുന്നു.
ഇലക്ട്രോണിക്സ് കയറ്റുമതിയിൽ തിളക്കം
അമേരിക്കയുടെ തീരുവ പരിധിയിൽ ഉൾപ്പെടാത്ത ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണ് ഇന്ത്യ നേടുന്നത്. സ്‌മാർട്ട് ഫോൺ ഉത്പാദനത്തിലെ ആഗോള ഹബായി ഇന്ത്യ മാറുകയാണ്. ലോകത്തിലെ പ്രമുഖ സ്‌മാർട്ട് ഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ ഐ ഫോൺ കയറ്റുമതി കഴിഞ്ഞ ദിവസം 5,000 കോടി ഡോളർ കവിഞ്ഞു. മൂന്ന് വർഷം മുമ്പാണ് കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) പദ്ധതിയിൽ ആപ്പിൾ പങ്കാളിയാകുന്നത്.
മേയ് മുതൽ നവംബർ വരെ അമേരിക്കൻ കയറ്റുമതിയിലെ ഇടിവ്
28.5 ശതമാനം
നേട്ടമുണ്ടാക്കി എതിരാളികൾ
തീരുവ കുത്തനെ ഉയർത്തിയതോടെ ഇന്ത്യയുടെ പ്രധാന വ്യാപാര എതിരാളികൾ അമേരിക്കൻ വിപണിയിൽ പിടിമുറുക്കുന്നു. ഇന്തോനേഷ്യ, വിയറ്റ്‌നാം, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് 20 ശതമാനം തീരുവ മാത്രമാണ് അമേരിക്ക ഈടാക്കുന്നത്.
പുതിയ വിപണികൾ
സ്പെയിൻ, ജർമ്മനി, ബൽജിയം, പോളണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായി ഉയർന്നു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ സ്പെയിനിലേക്കുള്ള കയറ്റുമതി 56 ശതമാനം ഉയർന്ന് 470 കോടി ഡോളറിലെത്തി. ജർമ്മനിയിലേക്കുള്ള കയറ്റുമതി 9.3 ശതമാനം ഉയർന്ന് 750 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |