
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിപ്ളവകരമായ മാറ്റങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി. ഒരു കാലത്ത് അവഗണിക്കപ്പെട്ട് സുഷുപ്താവസ്ഥയിലായിരുന്ന രാജ്യത്തെ ആഗോള ശക്തിയായി വളർത്തിയെടുക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കഴിഞ്ഞു. ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇന്ന് മാറിയിരിക്കുകയാണ്. കേരളകൗമുദി സംഘടിപ്പിച്ച 'ദ ന്യൂ ഇന്ത്യ എ ന്യൂ കേരള' കോൺക്ളേവിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ വിപ്ളവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. 92 കോടിയിൽനിന്ന് പ്രതിവർഷം 13,000 കോടിയിലേക്കാണ് ഇടപാടുകൾ പുരോഗമിച്ചത്.ദേശീയപാതകൾ, വിമാനത്താവളങ്ങൾ, റെയിൽവേ തുടങ്ങി അടിസ്ഥാനസൗകര്യ രംഗത്ത് വൻവികസനം നേടാനായി. കൊവിഡിന്റെ ദുരിതകാലത്ത് 100ലേറെ രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കാൻ നമുക്ക് സാധിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്ന ആദ്യരാജ്യമെന്ന ഖ്യാതിയും ഇന്ത്യ കരസ്ഥമാക്കി.
'ആത്മനിർഭർ ഭാരത്' വഴി പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയും ശക്തമാക്കി. ഇന്ത്യയുടെ സൈനിക ശേഷിയും രാഷ്ട്രീയ ദൃഢനിശ്ചയവും ലോകത്തിന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നരേന്ദ്രമോദി പ്രധാനമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയുമായശേഷം മനഃസമാധാനത്തോടെ ജനങ്ങൾക്ക് ഉറങ്ങാനാവുന്നുണ്ട്. കാശ്മീരിനെ ഇന്ത്യയുമായി പൂർണമായി സംയോജിപ്പിച്ച, ആധുനിക ഇന്ത്യയിലെ ഉരുക്കു മനുഷ്യനായി അമിത്ഷാ ജിയെ വിശേഷിപ്പിക്കാം.
രാജ്യത്തിനൊപ്പം കേരളവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുന്നേറുന്നു എന്നതും സന്തോഷകരമാണ്. ഒരു ദശകത്തിനിടെ സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി ഇരട്ടിയിലേറെ വർദ്ധിച്ച് 12.6 ലക്ഷം കോടിയായി. ഇ ഗവേണൻസ് നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. വിഴിഞ്ഞം തുറമുഖംപോലുള്ള പദ്ധതികൾ കേരളത്തെ ആഗോള വ്യാപാര ഭൂപടത്തിൽ ഉറപ്പിച്ച് നിറുത്താനുള്ള സാദ്ധ്യതകളാണ് കൊണ്ടുവന്നത്.
അതേസമയം, കഴിഞ്ഞ പത്തു വർഷത്തിനിടെ പൊതുകടം മൂന്നിരട്ടിയായി ഉയർന്ന് 4.8 ലക്ഷം കോടിയായി. യുവജനങ്ങളുടെ വിദേശത്തേക്കുള്ള കുടിയേറ്റം, വ്യാവസായിക മേഖലയിലെ മന്ദത, കാർഷിക മേഖലയിലെ തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികളും നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. കാഴ്ചപ്പാടുകൾ പങ്കിട്ടും സൃഷ്ടിപരമായ രാഷ്ട്രീയത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും കേരളത്തെ വികസിത സംസ്ഥാനമാക്കി മാറ്റാൻ സാധിക്കും.
പൂർണ വികസിത കേരളം ലക്ഷ്യമാക്കി,വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് കേരളകൗമുദി കോൺക്ലേവുകളുടെ ഒരു പരമ്പര സംഘടിപ്പിക്കും.
ഭയരഹിതമായ മാദ്ധ്യമപ്രവർത്തനത്തിലൂടെയും ബോധപൂർണമായ സംവാദങ്ങളിലൂടെയും കേരളത്തിന്റെ ഭാവിയിലേക്കുള്ള കേരളകൗമുദിയുടെ അർത്ഥവത്തായ സംഭാവന തുടരും. കോൺക്ലേവുകളിലും ചർച്ചകളിലും എന്തു സംസാരിച്ചു എന്നതല്ല, അവ വഴി എന്തുമാറ്റം വരുത്താനായി എന്നതിലൂടെയാവും ചരിത്രം നമ്മെ വിലയിരുത്തുക. ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യം മൂന്ന് ശക്തമായ തൂണുകളിലാണ് നിലകൊള്ളുന്നത്. ശക്തമായ നേതൃത്വം, അവബോധമുള്ള പൗരസമൂഹം, ഭയരഹിതമായ മാദ്ധ്യമങ്ങൾ. ഒരു നൂറ്റാണ്ടിലേറെയായി കേരളകൗമുദി ഈ മൂന്നു തൂണുകളുടെ സംഗമസ്ഥാനത്താണ് നിലകൊള്ളുന്നത്.
1911ൽ ശ്രീനാരായണ ഗുരുദേവന്റെ പ്രചോദനത്തിൽ, എന്റെ പ്രപിതാമഹനായ സി.വി. കുഞ്ഞിരാമൻ സ്ഥാപിച്ച കേരളകൗമുദി, ഒരു ആഴ്ചപ്പതിപ്പായും പിന്നീട് എന്റെ പിതാമഹനായ, പത്മഭൂഷൺ ജേതാവും സാമൂഹ്യപരിഷ്കർത്താവുമായ കെ.സുകുമാരൻ പ്രഭാത ദിനപത്രമായും മാറ്റി. ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിനും സാമൂഹിക നവോത്ഥാനത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.
2011ൽ, ഇതേ നഗരത്തിൽ കേരളകൗമുദി ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞത്, നൂറു വർഷം പൂർത്തിയാക്കുന്ന ഒരു പത്രം ഒരു രാഷ്ട്രത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നായിരുന്നു. ഇന്ന്, 114 വർഷങ്ങളും നാല് തലമുറകളും പിന്നിട്ടിട്ടും സമൂഹസേവനം, ജനാധിപത്യം ശക്തിപ്പെടുത്തൽ, രാഷ്ട്രനിർമ്മാണം എന്നീ അടിസ്ഥാന മൂല്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുകയാണെന്നും ദീപുരവി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |