
കൊച്ചി: ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ കൈമോശം വരുന്നത് തടയാൻ ശക്തമായ നിയമ നിർമ്മാണം ആലോചിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം പ്രോസിക്യൂഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വാക്കാൽ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവേയാണിത്.
സ്വത്തുക്കൾ നഷ്ടമാകുന്നതിനെക്കുറിച്ച് പല ക്ഷേത്രങ്ങളിൽ നിന്നും പരാതികളുണ്ട്. ദേവസ്വം മാന്വൽ അപര്യാപ്തമാണ്. മാന്വൽ എന്നത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടതാണ്. ശബരിമലയിൽ മാന്വൽ ലംഘിച്ച് സ്വർണപ്പാളികൾ കടത്തിയത് ക്രിമിനൽ കേസിലേക്ക് നയിച്ചതിനാലാണ് വിഷയം ഗൗരവമായത്. അല്ലാത്തപക്ഷം അച്ചടക്കനടപടിയിൽ ഒതുങ്ങുമായിരുന്നു. ക്ഷേത്ര സ്വത്തുക്കൾ സംബന്ധിച്ച് വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണം. ഇതിന് കർശന ശിക്ഷാ വ്യവസ്ഥകൾ അടങ്ങുന്ന നിയമം ആവശ്യമാണെന്നും കോടതി പറഞ്ഞു.
സ്വർണക്കൊള്ള കേസിലെ പ്രതികളായ എ. പത്മകുമാർ, ഗോവർദ്ധൻ, ബി. മുരാരിബാബു എന്നിവരുടെ ജാമ്യഹർജികളാണ് പരിഗണിച്ചത്. ഹർജികൾ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
വാദങ്ങളും പ്രതികരണവും
ദേവസ്വം യോഗത്തിന്റെ കുറിപ്പിൽ ചെമ്പു പാളിയെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണസംഘം വലിയ തെറ്റായി കാണുന്നതെന്ന് പത്മകുമാറിന്റെ അഭിഭാഷകൻ വാദിച്ചു. സ്വർണം ചെമ്പാക്കുന്നത് ഗുരുതര അപരാധം തന്നെയാണെന്ന് കോടതി പറഞ്ഞു. എല്ലാ അറ്റകുറ്റപ്പണികളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതെന്തിനെന്നും ബോർഡിന്റെ ജോലിയെന്താണെന്നും കോടതി ചോദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ സ്പോൺസറല്ലെന്നും വാദത്തിനിടെ അഭിഭാഷകർ പരാമർശിച്ചു. പോറ്റിയെന്ന ചെറിയ ഇരയിട്ട് വലിയ മീൻ പിടിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.
അറ്റകുറ്റപ്പണി കഴിഞ്ഞപ്പോൾ സ്വർണപ്പാളികളുടെ തൂക്കം കൂടുകയാണ് ചെയ്തതെന്ന് ഗോവർദ്ധൻ വാദിച്ചു. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് കൈപ്പറ്റിയ സ്വർണത്തിന് ദേവസ്വത്തിലേക്ക് പണം അടച്ചിരുന്നു. അത്രയും സ്വർണം അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തു. എന്നിട്ടും റിമാൻഡിൽ വയ്‌ക്കുന്നത് ന്യായമല്ലെന്നാണ് ഗോവർദ്ധൻ വാദിച്ചത്.
എന്തെല്ലാം അസംബന്ധമാണ്
നടക്കുന്നത്
ശങ്കർദാസിന് വിമർശനം
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിചേർക്കപ്പെട്ട മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, കേസെടുത്ത അന്നു മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഇദ്ദേഹത്തിന്റെ മകൻ ഉന്നത പൊലീസ് ഓഫീസറാണ്. എന്തെല്ലാം അസംബന്ധമാണ് നാട്ടിൽ നടക്കുന്നതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഇക്കാര്യത്തിൽ മാന്യത കാണിക്കണമെന്നും പറഞ്ഞു.
ശങ്കരദാസിന്റെ ആരോഗ്യനില
പരിശോധിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡംഗമായിരുന്ന കെ.പി.ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിച്ച് എസ്.ഐ.ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരടങ്ങിയ സംഘം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശങ്കരദാസിനെ പരിശോധിച്ചു. റിപ്പോർട്ട് ബുധനാഴ്ച കൊല്ലം ജില്ലാ കോടതിയിൽ സമർപ്പിക്കും. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിന് ഹൈക്കോടതി എസ്.ഐ.ടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. പക്ഷാഘാതം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് ശങ്കരദാസ്. സംസാരിക്കാൻ കഴിയില്ലെന്നും ചോദ്യംചെയ്താൽ ആരോഗ്യനില വഷളാവുമെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടർമാർ എസ്.ഐ.ടിക്ക് നേരത്തേ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ ആരോഗ്യനില പെട്ടെന്ന് വഷളായെന്നും ഹൃദയസ്തംഭനമുണ്ടായെന്നുമടക്കം വിവരങ്ങളുണ്ടായിരുന്നെന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |