
ലക്‌നൗ: കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുകയെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് നടക്കുകയെന്ന് പറഞ്ഞാൽ അൽപം വിചിത്രമല്ലേ?. ഉത്തർപ്രദേശിലെ ജില്ലാ ആശുപത്രിയിൽ തിങ്കളാഴ്‌ച അത്തരത്തിലൊരു സംഭവമുണ്ടായി . ദീപക് (39) എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയ്‌ക്കായാണ് ദീപക് ആശുപത്രിയിൽ എത്തിയത്. കടിച്ച പാമ്പ് ഏതാണെന്ന് ചോദിച്ചപ്പോഴാണ് അയാൾ തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് ഒന്നരയടി നീളമുള്ള പാമ്പിനെ പുറത്തെടുത്തത്. താൻ എത്തിയിട്ട് അരമണിക്കൂർ കഴിഞ്ഞെന്നും ആശുപത്രിയിൽ സൗകര്യങ്ങളൊന്നുമില്ലെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ട്. മറ്റ് രോഗികളുടെ ജീവൻ അപകടത്തിലാകുമെന്നതിനാൽ പാമ്പിനെ പുറത്തുവിടാൻ ഡോക്‌ടർ അയാളോട് ആവശ്യപ്പെട്ടു. പിന്നീട് പൊലീസെത്തിയതോടെയാണ് അയാൾ പാമ്പിനെ കൈമാറിയത്. എന്നാൽ ഇയാൾ വളർത്തിയിരുന്ന പാമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. യുവാവിന് നൽകിയ ചികിത്സയുടെ കാര്യത്തിൽ കൂടുതൽ വ്യക്തതയില്ല.
പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകുന്നതിന് പകരം എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കുന്നതാണ് നല്ലത്. പരിഭ്രാന്തരാകാകുമ്പോൾ രക്തസമ്മർദം വർദ്ധിക്കുന്നു. ഇത് ആരോഗ്യത്തെ അപകടാവസ്ഥയിലാക്കുന്നു. കടിച്ച പാമ്പിനെ പോക്കറ്റിലിടുന്നതുപോലെയുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്. അത് മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കും. ഏതിനം പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാൻ സാധിച്ചാൽ അത് ചികിത്സയ്‌ക്ക് കൂടുതൽ ഗുണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |