
എരുമേലി : മണ്ഡല - മകരവിളക്ക് തീർത്ഥാടനകാലയളവിൽ പ്രധാന ഇടത്താവളമായ എരുമേലിയിൽ മുഴച്ച് നിന്നത് വീഴ്ചകൾ മാത്രം. ഭക്തരുടെ തിരക്കിൽ തിങ്ങിഞെരുങ്ങിയ എരുമേലി ടൗൺ, കുരുക്കിൽപ്പെട്ട് വാഹനങ്ങളുടെ നീണ്ടനിര, കൃത്യസമയത്ത് ജോലി സ്ഥലത്തെത്താനാകാതെ വന്ന ജീവനക്കാർ. ഇതൊക്കെയായിരുന്നു കാഴ്ചകൾ. അടുത്തവർഷമെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരം കാണമെന്നാണാവശ്യം. പതിവ് പോലെ ചായകുടിച്ച് പിരിയാൻ അവലോകനയോഗങ്ങൾ കൂടരുതെന്നാണ് വ്യാപാരികൾ ഉൾപ്പെടെ പറയുന്നത്. എരുമേലി - നിലയ്ക്കൽ റൂട്ടിലുള്ള ഏക സർക്കാർ ആശുപത്രിയായ എരുമേലിയിലെ കുടുംബക്ഷേമ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. പ്രാഥമിക ചികിത്സയ്ക്ക് തീർത്ഥാടകരെ ആദ്യം എത്തിക്കുന്നത് ഇവിടേയ്ക്കാണ്. ക്ഷേത്രത്തിന് മുന്നിൽ വലിയ തോട്ടിലെ ചെക്ക് ഡാമിൽ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാൽ ശബരിമല സീസണിൽ ജലമലിനീകരണം പരിഹരിക്കപ്പെടും. നിലവിൽ എരുമേലിത്തോട്ടിലെ മലിനജലം എത്തുന്നത് മണിമലയാറിനെ ആശ്രയിച്ച് കഴിയുന്ന കുടിവെള്ള പദ്ധതികളെ ബാധിക്കുകയാണ്.
എവിടെയും കുന്നുകൂടി മാലിന്യം
ഇത്തവണ എരുമേലി നേരിട്ടിരിക്കുന്ന ഗുരുതരപ്രശ്നം മാലിന്യം സംസ്കരണമാണ്. വിവിധയിടങ്ങളിൽ കുന്നുകൂടി കിടക്കുകയാണ് ഇവ. മാലിന്യങ്ങൾ വേർതിരിച്ചു ഉറവിടത്തിൽ തന്നെ ശേഖരിക്കുന്ന സംവിധാനം ഫലപ്രദമായി നടപ്പിലാക്കണമെന്നാണാവശ്യം. വഴിയരികിലടക്കം തള്ളിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളടക്കം നായ്ക്കളടക്കം കൊത്തിവലിക്കുകയാണ്. വിശുദ്ധിസേനാംഗങ്ങളടക്കം അക്ഷീണം പ്രയത്നിക്കുന്നുണ്ടെങ്കിലും മാലിന്യംനീക്കം ചെയ്യൽ വലിയ വെല്ലുവിളിയാണ്. മഴ പെയ്താൽ ഇവ തോട്ടിലേക്ക് അടക്കം ഒഴുകിയെത്തും. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
അപകടങ്ങൾ കൂടി
മുണ്ടക്കയം - എരുമേലി ശബരിപാതയിൽ കണ്ണിമലയിലെ അപകടങ്ങൾക്ക് കടിഞ്ഞാണിടാനായില്ല. തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി കുട്ടി ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. പത്തിലേറെ അപകടങ്ങളാണ് തീർത്ഥാടനകാലയളവിൽ ഇതുവരെയുണ്ടായത്. 3 യുവാക്കൾക്ക് ജീവൻ നഷ്ടമായി.
പരിഹരിക്കണം ഇവ
എരുമേലി ടൗണിൽ മേൽപ്പാലം നിർമ്മിക്കണം
റിംഗ് റോഡുകൾക്ക് വീതി വർദ്ധിപ്പിക്കണം
കൃത്യമായ മാലിന്യസംസ്കരണ സംവിധാനം
ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വേണം
അടുത്ത സീസണിണിന് മുന്നോടിയായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾക്കായി കർമ്മ പദ്ധതി തയ്യാറാക്കണം. പുതിയതായി ചുമതലയേറ്റ തദ്ദേശ ജനപ്രതിനിധികൾ അടക്കം ഇതിന് മുൻകൈയെടുക്കണം.
-ശേഖരൻകുട്ടി, എരുമേലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |