
പാലക്കാട്: മൂന്നു മുന്നണികളും ഏറെ പ്രതീക്ഷയർപ്പിക്കുന്ന പാലക്കാട്ട് മിക്ക മണ്ഡലങ്ങളിലും നടക്കുക ത്രികോണ പോര്. നിലവിൽ 12 മണ്ഡലങ്ങളിൽ പത്തും ഇടതിനൊപ്പം. യു.ഡി.എഫിന് രണ്ടെണ്ണം. പാലക്കാട് (കോൺഗ്രസ്), മണ്ണാർക്കാട് (മുസ്ലിംലീഗ്). തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമെച്ചപ്പെടുത്തിയ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. എന്നാൽ, കോൺഗ്രസിൽ നിന്ന് പുറത്താക്കിയെങ്കിലും പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇല്ലാതില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് പഞ്ചായത്തുകളിൽ ഭരണംനേടാനായതും പാലക്കാട് നഗരസഭ നിലനിറുത്താനായതിന്റെയും പ്രതീക്ഷയിലാണ് ബി.ജെ.പി. ജില്ലയിൽ ശക്തമായ സംഘടനാസംവിധാനമുള്ള സി.പി.എം വിജയപ്രതീക്ഷയിലാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എമാരിൽ രണ്ട് ടേം പൂർത്തിയാക്കിയ നെന്മാറയിലെ കെ.ബാബു, ആലത്തൂരിലെ കെ.ഡി.പ്രസേനൻ എന്നിവർ മാറിനിന്നേക്കും. മന്ത്രി എം.ബി.രാജേഷ് വീണ്ടും തൃത്താലയിൽ നിന്ന് ജനവിധി തേടും. സിറ്റിംഗ് എം.എൽ.എമാരായ അഡ്വ.പ്രേംകുമാർ (ഒറ്റപ്പാലം), പി.മമ്മിക്കുട്ടി (ഷൊർണൂർ) എന്നിവർ മത്സരിച്ചേക്കില്ല. പകരം പി.സരിൻ, ആർഷോ എന്നിവർക്ക് സാദ്ധ്യത.
ചിറ്റൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി (ജനതാദൾ എസ്) പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തരൂരിൽ പി.പി.സുമോദ്, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ, കോങ്ങാട്ട് ശാന്തകുമാരി, മലമ്പുഴയിൽ എ.പ്രഭാകരൻ എന്നിവർ വീണ്ടും മത്സരിക്കും. നെന്മാറയിൽ കെ.ബാബുവിന് പകരം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റിയംഗം സി.കെ.രാജേന്ദ്രൻ, കെ.പ്രേമൻ എന്നിവരെ പരിഗണിക്കുന്നു.
തൃത്താല, പാലക്കാട്, നെന്മാറ, ഒറ്റപ്പാലം, ചിറ്റൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയപ്രതീക്ഷ വയ്ക്കുന്നു. മണ്ണാർക്കാട് ലീഗ് നിലനിറുത്തുമെന്നും. സിറ്റിംഗ് എം.എൽ.എ എ.ഷംസുദ്ദീൻ വീണ്ടും ഇവിടെ മത്സരിക്കും. തൃത്താലയിൽ വി.ടി.ബൽറാമിനെ കോൺഗ്രസ് പരിഗണിക്കുന്നു. ചിറ്റൂരിൽ സുമേഷ് അച്യുതന് സാദ്ധ്യത. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട്ട് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, രമ്യഹരിദാസ്, സന്ദീപ് വാര്യർ എന്നിവർക്ക് മുൻതൂക്കം. സർപ്രൈസ് സ്ഥാനാർത്ഥിയായി കെ.മുരളീധരനെ രംഗത്തിറക്കിയേക്കാം. ബി.ജെ.പിയിൽ നിന്ന് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സിനിമാതാരം ഉണ്ണിമുകുന്ദൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നവരുടെ പേരുകൾ ഉയരുന്നു.
2021ലെ നിയമസഭ തിര. ഫലം
മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം
തരൂർ:പി.പി.സുമോദ് (എൽ.ഡി.എഫ്), 24531
ആലത്തൂർ:കെ.ഡി.പ്രസേനൻ (എൽ.ഡി.എഫ്), 34118
നെന്മാറ:കെ.ബാബു (എൽ.ഡി.എഫ്), 28704
ചിറ്റൂർ:കെ.കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്), 33878
മലമ്പുഴ:എ.പ്രഭാകരൻ (എൽ.ഡി.എഫ്), 25734
പാലക്കാട്:ഷാഫി പറമ്പിൽ (യു.ഡി.എഫ്), 3859
കോങ്ങാട്:കെ.ശാന്തകുമാരി (എൽ.ഡി.എഫ്), 27219
ഒറ്റപ്പാലം:കെ.പ്രേംകുമാർ (എൽ.ഡി.എഫ്), 15152
ഷൊർണൂർ:പി.മമ്മിക്കുട്ടി (എൽ.ഡി.എഫ്), 36674
പട്ടാമ്പി:മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്),17974
തൃത്താല:എം.ബി.രാജേഷ് (എൽ.ഡി.എഫ്), 3016
മണ്ണാർക്കാട്:എ.ഷംസുദ്ദീൻ (യു.ഡി.എഫ്), 5870
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ (കോൺ.)-18840
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |