
കൊച്ചി: അഭ്യൂഹങ്ങൾക്ക് ചുവപ്പുകാർഡ്. വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കും. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായും (എ.ഐ.എഫ്.എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ക്ലബ് 'പച്ചക്കൊടി" വീശിയത്. ഐ.എസ്.എല്ലിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പിന്മാറിയേക്കുമെന്നതടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫെബ്രുവരിയിൽ സീസൺ ആരംഭിക്കും.
''നിലവിലെ സാഹചര്യങ്ങളിൽ ആരാധകർക്കുള്ള ആശങ്കകൾ തിരിച്ചറിയുന്നുണ്ട്. ചില പ്രധാന വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സജീവമായി പരിശോധിച്ചു വരികയാണ്. ഇന്ത്യൻ ഫുട്ബാൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, കായികരംഗത്തിന്റെ ഭാവി മുൻനിർത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. വിഷയങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കും." -ക്ലബിന്റെ കുറിപ്പിൽ പറയുന്നു.
നൽകുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകർക്കും, വിഷയത്തിൽ കൃത്യസമയത്ത് ഇടപെടുകയും ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിനും നന്ദി അറിയിക്കുന്നതായും ക്ലബ് പറഞ്ഞു.
പ്രധാന താരങ്ങളായിരുന്ന അഡ്രിയാൻ ലൂണ, നോഹ സദൂയി , ജിമെനസ് ഉൾപ്പെടെയുള്ളവർ ഐ.എസ്.എല്ലിൽ പ്രതിസന്ധി തുടർന്നതോടെ ടീം വിട്ടിരുന്നു. അതിനാൽ തന്നെ ടീമിനെ സജ്ജ മാക്കുക എന്നത് ബ്ലാസ്‌റ്റേഴ്‌സിന് വലിയ വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |