
തിരുവനന്തപുരം: ചട്ടങ്ങൾ അവഗണിച്ച് ഭരതനാട്യത്തിൽ പിഎച്ച്. ഡി അവാർഡ് ചെയ്ത സംസ്കൃത സർലവകലാശാല വി.സി യുടെ നടപടി റദ്ദാക്കണമെന്നും താൽക്കാലിക വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഭരതനാട്യത്തിൽ ഗവേഷണം നടത്തിയ പി. നീതുദാസ് എന്ന ഗവേഷക സമർപ്പിച്ച പ്രബന്ധം, മൂല്യനിർണയത്തിനയച്ച കർണാടകയിലെ പെർഫോമിംഗ് ആർട്സ് അദ്ധ്യാപിക ഡോ: ദിവ്യ നെടുങ്കാടി പ്രബന്ധത്തിൽ ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. സർവകലാശാല ചട്ട പ്രകാരം പ്രബന്ധത്തിൽ ഭേദഗതികൾവരുത്തി പ്രസ്തുത അധ്യാപികയ്ക്ക് പ്രബന്ധം വീണ്ടും അയയ്ക്കണമെന്ന മുൻ വൈസ് ചാൻസലറുടെ നിർദ്ദേശം അവഗണിച്ച താൽക്കാലിക വിസി തമിഴ്നാട്ടിലെ മറ്റൊരു അദ്ധ്യാപികയ്ക്ക് മൂല്യനിർണ്ണയത്തിന് അയച്ചു. മലയാളത്തിൽ തയ്യാറാക്കിയ പ്രബന്ധം മലയാളം അറിയാത്ത തമിഴ്നാട്ടിലെ അദ്ധ്യാപികയ്ക്ക് അയച്ചുകൊടുത്ത് അനുകൂല ശുപാർശയോടെ പി എച്ച് ഡി അവാർഡ് ചെയ്യുകയായിരുന്നുവെന്ന് കമ്മിറ്റി ആരോപിച്ചു.
ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ച് താൽക്കാലിക വിസി ഡോ. കെ.കെ. ഗീത കുമാരി നൽകിയ പി എച്ച് ഡി റദ്ദാക്കണമെന്നും വിസിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനത്തൽ ആവശ്യപ്പെട്ടു. സർവകലാശാല നിയമപ്രകാരം ഗവേഷണ പ്രബന്ധം മൂല്യനിർണയം നടത്തിയ മൂന്ന് അദ്ധ്യാപകരിൽ ഒരു അദ്ധ്യാപകൻ പ്രബന്ധം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടാൽ മാത്രമേ നാലാമത് മറ്റൊരു അദ്ധ്യാപകന് അയക്കാൻ പാടുള്ളൂ. മാത്രമല്ല മലയാള ഭാഷ അറിയാത്ത ഒരാൾക്ക് പ്രബന്ധം മൂല്യനിർണയത്തിന് അയച്ചതും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുള്ള ഗുരുതരമായവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാലിക്കറ്റ് സർവ്വകലാശാലയിലെ സംസ്‌കൃത പ്രൊഫസ്സറായ ഡോക്ടർ കെ കെ ഗീതാ കുമാരിയെ 2024 മാർച്ചിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൽക്കാലിക വി.സിയായി നിയമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |