
ചണ്ഡീഗഡ്: നല്ലൊരു ജോലി കിട്ടിയാല്‍ പിന്നെ ജീവിതം രക്ഷപ്പെട്ടുവെന്ന ചിന്തയില്‍ അത് തുടരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ചിലപ്പോഴെങ്കിലും നമ്മുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടിയും വരും. ചിലപ്പോഴെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇത്തരം ഉപേക്ഷിക്കലുകളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ അദ്ധ്യാപികയായ പൂനം ശര്‍മ്മയുടെ കാര്യം അങ്ങനെയല്ല. ജീവിതത്തില്‍ ഒരിക്കല്‍ നേരിട്ട് കണ്ട കാഴ്ചയാണ് അവരെ ജോലി ഉപേക്ഷിക്കാനും വരുമാനമാര്‍ഗമല്ലാത്ത മറ്റൊരു മേഖലയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതും.
ഒരിക്കല്‍ പൂനം യാത്ര ചെയ്യുമ്പോഴാണ് ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ കാഴ്ച അവരുടെ കണ്ണിലുടക്കിയത്. അപകടത്തില്‍പ്പെട്ടോ ആളുകളുടെ മര്‍ദനമേറ്റോ കിടന്നിരുന്ന ഗര്‍ഭിണിയായ ഒരു അമ്മ നായെയാണ് പൂനം കണ്ടത്. തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വേദനയില്‍ കിടക്കുന്ന നായയെ കണ്ട പൂനത്തിന്റെ മനസ്സലിഞ്ഞു. മറ്റുള്ളവരെ പോലെ അത് കണ്ടില്ലെന്ന് നടിക്കാന്‍ പൂനം ശര്‍മ്മയ്ക്ക് സാധിച്ചില്ല. അന്നാണ് തെരുവ് നായകള്‍ക്ക് വേണ്ടി ജീവിതം മാറ്റി വയ്ക്കാന്‍ അവര്‍ തീരുമാനിച്ചത്.
അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ സംരക്ഷിക്കാനും അവയെ പരിപാലിക്കാനും ഒരു ഷെല്‍റ്റര്‍ നടത്തുന്നുണ്ട് പൂനം ഇപ്പോള്‍. നായകള്‍ തന്റെ ഷെല്‍റ്ററിലേക്ക് എത്തിയാല്‍ അവയ്ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് പൂനം ആദ്യം ചെയ്യുന്നത്. പിന്നീട് പരിചരണവും ചികിത്സയും ആവശ്യമുള്ളവയ്ക്ക് അത് ഉറപ്പാക്കും. ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ അവയെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് വിടും. ചില നായകളെ ഇവിടെ തന്നെ സംരക്ഷിക്കാറുണ്ട്.
ഷെല്‍റ്റര്‍ നടത്തുന്നതിന് പ്രതിമാസം ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ ചിലവാകും. അതില്‍ ശസ്ത്രക്രിയകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ഭക്ഷണം, മരുന്നുകള്‍, ജീവനക്കാരുടെ ശമ്പളം, എന്നിവ ഉള്‍പ്പെടുന്നു. ചില പ്രദേശവാസികള്‍ ഭക്ഷണവും അവശ്യവസ്തുക്കളും നല്‍കാറുണ്ടെന്നും പൂനം പറയുന്നു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു സംവിധാനം എന്നനിലയിലാണ് ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് അവയുടെ സംരക്ഷണം, ചികിത്സ എന്നിവകൂടി ആരംഭിക്കുകയായിരുന്നു. 2021ല്‍ ആണ് ഇത്തരമൊരു പദ്ധതി പൂനത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചത്.
ജോലി ഉപേക്ഷിച്ച് ഇത്തരമൊരു സാമൂഹ്യ സേവന കേന്ദ്രം ആരംഭിച്ചപ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് പോലും അവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ എല്ലാവരും സ്വന്തം ജോലിയും കരിയറും മാത്രം നോക്കിയാല്‍ പിന്നെ സമൂഹത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പരിഹരിക്കപ്പെടുകയെന്നാണ് പൂനം ചോദിക്കുന്നത്. സഹോദരിമാരുടെ സഹായത്തോടെയാണ് പൂനം ഈ കേന്ദ്രം നടത്തിക്കൊണ്ട് പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |