
ലക്‌നൗ: മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതരക്ഷപ്പെട്ടൽ നടത്തിയത്. സംസ്‌കാരത്തിനായി ചിതയൊരുക്കി കരഞ്ഞുതളർന്നിരുന്ന നിമിഷത്തിൽ വിനീതയുടെ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആഹ്ളാദത്തിലാണ് കുടുംബം.
വീട്ടുജോലി ചെയ്യുന്നതിനിടെ ബോധരഹിതയായിവീണതിനെ തുടർന്ന് വിനീതയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്‌തിഷ്‌ക മരണം സംഭവിച്ചതായി ഡോക്‌ടർമാർ പ്രഖ്യാപിച്ചത്. യുവതിക്ക് തലച്ചോറിന് പ്രവർത്തനശേഷി നഷ്‌ടപ്പെട്ടതിനാൽ പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞതായാണ് യുവതിയുടെ ഭർത്താവ് പ്രതികരിക്കുന്നത്.
സംസ്‌കാരച്ചടങ്ങുകൾക്കായി വിനീതയുടെ മൃതദേഹവുമായി വീട്ടിലേക്ക് പോകുംവഴിയായിരുന്നു അത് സംഭവിച്ചത്. വിനീതയുമായി സഞ്ചരിച്ച ആംബുലൻസ് റോഡിലുണ്ടായിരുന്ന ഒരു വലിയ കുഴിയിൽ വീണു. വീഴ്‌ചയുടെ ആഘാതത്തിൽ വിനീതയുടെ ശരീരം നന്നായി ഉലഞ്ഞു. അടുത്ത നിമിഷം മുതൽ ഡോക്‌ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവതി സ്വാഭാവികമായി ശ്വസിക്കാനും തുടങ്ങി. ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന വിനീതയുടെ ഭർത്താവിന് ആ കാഴ്ച ഒരുപോലെ ഞെട്ടലും സന്തോഷവും പകരുന്നതായിരുന്നു. അദ്ദേഹം ഉടൻ തന്നെ വീട്ടിലേക്ക് വിളിച്ച് സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ അവസാനിപ്പിക്കാൻ നിർദേശങ്ങൾ നൽകി. പെട്ടെന്ന് തന്നെ പിലിഭിത്തിയിലെ ന്യൂറോസിറ്റി ഹോസ്‌പിറ്റലിൽ വിനീതയെ എത്തിച്ചു. പിന്നീട് ദിവസങ്ങൾക്കകം തന്നെ പൂർണ ആരോഗ്യവതിയായി അവർ വീട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |