
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് അതിനെ ചോദ്യം ചെയ്ത് അവകാശവാദം ഉന്നയിക്കാനുള്ള സമയപരിധി രണ്ടാഴ്ച നീട്ടിനൽകാൻ സുപ്രീം കോടതി ഇലക്ഷൻ കമ്മിഷന് നിർദ്ദേശം നൽകി. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് സംസ്ഥാന സർക്കാർ അടക്കമുള്ള ഹർജിക്കാർ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണിത്. ജനുവരി 22നാണ് നിലവിലെ അവസാന തീയതി.
നീക്കം ചെയ്‌തവരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ, ഉടൻ അതു ചെയ്യണം. ഗ്രാമപഞ്ചായത്തു പോലുള്ള പൊതുസ്ഥാപനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കണം. നടപടികളിലെ സുതാര്യത ഉറപ്പാക്കാനാണ് നിർദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് നടപ്പാക്കി സത്യവാങ്മൂലം സമർപ്പിക്കണം.
അന്തിമപട്ടിക നീളും
ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ നിശ്ചയിച്ചിരുന്നത്. അവകാശവാദം ഉന്നയിക്കാനുള്ള സമയപരിധി നീട്ടുന്ന സാഹചര്യത്തിൽ അന്തിമപട്ടിക വൈകും. ഈ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് എന്യുമറേഷൻ ഫോം സമർപ്പിക്കേണ്ട സമയപരിധി രണ്ടുതവണ നീട്ടിയിരുന്നു. ഡിസംബർ 4ൽ നിന്ന് 11ലേക്കും പിന്നീട് 18ലേക്കും നീട്ടി.
വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്നു
ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ ലഭ്യമല്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. അവ ലഭിച്ചാൽ മാത്രമേ തർക്കമുന്നയിക്കാൻ വോട്ടർമാർക്ക് കഴിയുകയുള്ളു. സുതാര്യതയില്ലാത്തത് വോട്ടർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ചില വോട്ടർമാർ മരിച്ചുവെന്ന് തെറ്റായി കാണിച്ചിരിക്കുന്നു.
സംസ്ഥാന സർക്കാർ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |