
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തിരിമറിയും തട്ടിപ്പും കണ്ടെത്തിയത് നാല് അന്വേഷണങ്ങളിലൂടെയാണ്. ഓരോ അന്വേഷണത്തിലും തുകയുടെ വ്യാപ്തി കൂടിക്കൂടി വന്നു. പ്രതികളുടെ എണ്ണം മാത്രം കൂടിയില്ല.പ്രതി ഒരു ക്ളർക്ക് മാത്രം.ഇതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാണ്.ദിവസവും 33ലക്ഷത്തോളം രൂപ എത്തുന്ന ക്ഷേമനിധി ബോർഡിലും ആഴ്ചയിൽ 55കോടിയുടെ സമ്മാനം വിതരണം ചെയ്യുന്ന ലോട്ടറി ഡയറക്ടറുടെ ഒപ്പിലുമാണ് ക്രമക്കേട് നടന്നത്. ഇത് സംഗീത് എന്ന ക്ളർക്ക് മാത്രം വിചാരിച്ചാൽ ചെയ്യാവുന്ന കുറ്റകൃത്യമല്ല. പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രീയക്കാർ വരെയുണ്ടെന്നാണ് സൂചന. വ്യക്തമായ അന്വേഷണം നടന്നാൽ പലരും കുടുങ്ങും.
വരവിലധികം സ്വത്ത് സമ്പാദിച്ചെന്ന കേസിലും ട്രഷറിയിൽ തുകയടച്ചതിന്റെ ചെലാനിൽ വെട്ടിത്തിരുത്ത് നടത്തി തുക വെട്ടിച്ച കേസിലും രണ്ടുതവണ സംഗീതിനെതിരെ വിജിലൻസ് അന്വേഷണം നടത്തി. ഡയറക്ടറുടെ സീൽ വ്യാജമായി നിർമ്മിച്ചെന്ന പരാതിയിൽ മ്യൂസിയം പൊലീസും ഇയാൾക്കെതിരെ അന്വേഷണം നടത്തി. ഇതിനിടയിൽ ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടിലും ക്രമക്കേട് റിപ്പോർട്ട് ചെയ്തു.ഒന്നിലും നടപടിയുണ്ടായില്ല. മാത്രമല്ല കുറ്റക്കാരൻ ഇയാൾ മാത്രമായി നിലനിൽക്കുകയും ചെയ്തു.വ്യാപക ക്രമക്കേട് സംബന്ധിച്ച് ലോട്ടറി ഏജന്റ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി പ്രത്യേക അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് തട്ടിപ്പ് 15കോടിയോളം ഉണ്ടെന്ന് വ്യക്തമായത്. എന്നിട്ടും ഉത്തരവാദിത്വം ഒരാളിൽ ഒതുങ്ങിനിന്നു. പേരിന് കൂട്ടുപ്രതിയായി പുറമെനിന്നുള്ള ഒരു കരാറുകാരനും.ക്ഷേമബോർഡിൽ തട്ടിപ്പ് നടത്തിയ ഇയാളെ ഡയറക്ടറേറ്റിലേക്ക് മാറ്റിനിയമിച്ചതും അവിടെ സമ്മാനവിഭാഗത്തിൽ ക്ലർക്കായതും ദുരൂഹതയുടെ ആഴം കൂട്ടുന്നു.
ക്ഷേമനിധി അക്കൗണ്ടിൽ നിന്ന് പണം മാറണമെങ്കിൽ അതിന്റെ ചുമതലയുള്ള സൂപ്പർവൈസറി ഓഫീസർ എത്തണം. സ്റ്റേറ്റ് വെൽഫയർ ഓഫീസറുടെ മാർക്കോടുകൂടി ചെല്ലുന്ന ഫണ്ടുകൾ മാത്രമേ ക്ഷേമനിധി ബോർഡ് സി.ഇ.ഒ ആയി ചുമതല ഉള്ള ലോട്ടറി ഡയറക്ടർ ഒപ്പിടുകയുള്ളൂ. ലോട്ടറി ഡയറക്ടർ മിക്കവാറും സിവിൽ സർവ്വീസുകാരാണ്. ഇത്തരത്തിൽ ഒരു തട്ടിപ്പിന് മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കാനിടയില്ല.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഒരു ക്ലർക്കിന് മാത്രമായി ഇത്ര വലിയ തട്ടിപ്പ് നടത്താൻ സാധിക്കുമോ? ഇല്ല. അപ്പോൾ, സംഗീതിനെ തട്ടിപ്പിന് സഹായിച്ചത് ആരാണ്? ഉത്തരമില്ല. ഇത്ര വലിയ സംഖ്യ ബോർഡിൽ നിന്നു പോയത് ഇതുവരെ കണ്ടെത്താനാകാതെ പോയത് എന്തുകൊണ്ടാണ്? ഉത്തരമില്ല.
2018-20 കാലയളവിൽ ജയപ്രകാശ് ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന കാലഘട്ടത്തിലാണ് തട്ടിപ്പുകൾ അരങ്ങേറിയത്. ഇന്നത്തെ ചെയർമാനും അന്നത്തെ ബോർഡിലുണ്ടായിരുന്നു. ഇക്കാലയളവിലാണ് സംഗീത് എന്ന ക്ലർക്ക് ലോട്ടറി വകുപ്പിൽ ജോലി ചെയ്തിരുന്നത്. അന്ന് സ്റ്റേറ്റ് വെൽഫെയർ ഓഫീസറായിരുന്നയാൾ ഇപ്പോൾ ലോട്ടറി ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടറാണ്.സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |