
കാസർകോട്: കുംബഡാജെ മൗവ്വാർ ഗോസാഡ ആജിലയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ. ഗോസാഡയിലെ പുഷ്പാവതി (70) യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ പിടിവലി നടന്നതായി സംശയിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി ബദിയഡുക്ക പൊലീസ് അറിയിച്ചു. കഴുത്തിന്റെ ഭാഗത്ത് കരുവാളിച്ചതും മുഖത്ത് നഖം കൊണ്ടുള്ള പോറലുമാണ് കൊലപാതകമെന്ന നിഗമനത്തിന് കാരണം.
ബദിയടുക്ക ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്പാവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ കരിമണി മാല നഷ്ടപ്പെട്ടതായി സംശയിക്കുന്നു. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് സംശയം. മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലും അടുക്കള വാതിൽ തുറന്ന നിലയിലുമാണ് കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ അന്വേഷണം കൂടുതൽ മുന്നോട്ട് പോകും. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി, ഡിവൈ.എസ്.പി സി.കെ.സുനിൽ കുമാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |