
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ്- 14 ഇന്നും ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് ഇറാൻ. പണ്ട് യുഎസ് തന്നെ ഇറാന് നൽകിയതാണ് ഇവ. യുഎസിന്റെ വിമാനവാഹിനികളിൽ നിന്നാണ് മുൻപ് ഇത് പ്രവർത്തിച്ചിരുന്നത്. ഗ്രുമ്മാൻ എയർക്രാഫ്‌റ്റ് കോർപ്പറേഷൻ നിർമിച്ച ഈ സൂപ്പർസോണിക്, ഇരട്ട എഞ്ചിൻ സ്വീപ്- വിംഗ് യുദ്ധവിമാനം 'ടോപ്പ് ഗൺ' ആയാണ് ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.
ശക്തമായ റഡാറിനും ദീർഘദൂര എയർ-ടു-എയർ മിസൈലായ എഐഎം-54 ഫീനിക്‌സിനും പേരുകേട്ട ഈ പൈതൃക യുദ്ധവിമാനം യുഎസ് പിൻവലിച്ചിരുന്നു. ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന ബോംബറുകളിൽ നിന്ന് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പുകളെ സംരക്ഷിക്കുക എന്നതായിരുന്നു എഫ് -14 ന്റെ പ്രധാന ജോലി.
1970കളിൽ ഇറാൻ മിഡിൽ ഈസ്റ്റിലെ പ്രധാന സഖ്യകക്ഷിയായിരുന്ന കാലത്ത് യുഎസ് ഇറാന് 79 എഫ്-14 വിമാനങ്ങൾ വിറ്റിരുന്നു. ഈ കരാർ ഇരുരാജ്യങ്ങളുടെയും സൗഹൃദം അരക്കിട്ടുറപ്പിച്ചു. എന്നാൽ ഇറാനിയൻ വിപ്ലവത്തിനുശേഷം ബന്ധം വഷളായി. പതിറ്റാണ്ടുകളായി തങ്ങളുടെ വിലയേറിയ എഫ് -14 വിമാനങ്ങൾ നിലനിർത്താനുള്ള പ്രയത്നത്തിലാണ് ഇറാൻ. അനേകം എണ്ണത്തെ ഒരേസമയം പ്രവർത്തനക്ഷമമാക്കാനുള്ള പ്രതിസന്ധി കണക്കിലെടുത്ത് ഒന്നിലേറെ എഫ് -14 വിമാനങ്ങൾ ഇറാൻ സ്വമേധയാ നശിപ്പിച്ചിട്ടുണ്ട്.
എഫ് - 14 യുദ്ധവിമാനങ്ങളിലെ ചില ഘടകങ്ങൾ വികസിപ്പിച്ച ഇറാൻ തദ്ദേശീയമായി അവയിൽ ചിലത് നിർമിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇറാന്റെ പക്കൽ എത്ര എഫ് - 14 യുദ്ധവിമാനങ്ങളാണ് ഉള്ളതെന്ന് വ്യക്തതയില്ല. നിലവിൽ ഇറാന്റെ ആയുധപ്പുരയിലുള്ള എഫ്-14 യുദ്ധവിമാനങ്ങൾ അവരുടെ മുൻകാല യുദ്ധവിമാനങ്ങളുടെ വെറുമൊരു നിഴൽ മാത്രമാണെന്നും പേർഷ്യൻ ഗൾഫിൽ എത്തുന്ന അമേരിക്കൻ സേനയ്ക്കും അവ ഭീഷണിയല്ലെന്നും വിദഗ്ദ്ധർ പറയുന്നു.
ധാരാളം യുദ്ധങ്ങളുടെ ഭാഗമായതിന്റെ ചരിത്രവും എഫ് - 14നുണ്ട്. 1989 ജനുവരി നാലിന് ലിബിയൻ തീരത്തിന് സമീപം യുഎസ്എസ് ജോൺ എഫ് കെന്നഡിയിൽ നിന്ന് പറന്നുയർന്ന രണ്ട് എഫ് -14 നുകൾ രണ്ട് മിഗ്-23 യുദ്ധവിമാനങ്ങളെ വെടിവച്ചു വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |