
കണ്ണൂർ(പേരാവൂർ): അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്ളസ് ടു വിദ്യാർത്ഥിനി അയോണ മോൺസന് നാട് വിട നൽകി .മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം തിരൂർ സെന്റ് ഫ്രാൻസിസ് അസീസി ക്നാനായ സൺഡേ സ്കൂളിലേക്ക് കൊണ്ടുവന്നപ്പോൾ കണ്ണീരണിഞ്ഞാണ് സഹപാഠികൾ അന്ത്യോപചാരമർപ്പിച്ചത്.
അയോണയെ ഒരു നോക്ക് കാണാൻ രാവിലെ മുതൽ കൊയവൻവയലിലെ വീട്ടിലേക്ക് ആളുകൾ ഒഴുകുകയായിരുന്നു. സൺഡേ സ്കൂളിൽ പൊതു ദർശന ചടങ്ങിലെത്തിയവരും വിതുമ്പുകയായിരുന്നു . മകളുടെ മൃതദേഹത്തിന് മുന്നിൽ ദൈന്യതയോടെ ഇരുന്ന അമ്മ അനിതയും അച്ഛൻ മോൻസനും നാടിന്റെ സങ്കടക്കാഴ്ചയായി. ഉച്ച തിരിഞ്ഞ് മൂന്നരയോടെ തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു .
തിങ്കളാഴ്ച പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അയോണ വ്യാഴാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. തുടർന്ന് വൃക്കകൾ, കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.പഠനത്തിൽ മിടുക്കിയായിരുന്ന അയോണയുടെ മരണ കാരണം വ്യക്തമല്ല.കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് അമ്മ അനിത വിദേശത്ത് ജോലിക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |