
കായംകുളം: വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റിലായ കായംകുളം നഗരസഭ കൗൺസിലർ നുജുമുദീൻ ആലുംമൂട്ടിലിനെ (65) കോടതി റിമാൻഡ് ചെയ്തു. കായംകുളം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി എ 1091ന്റെ ചാരുംമൂട് ബ്രാഞ്ചിൽ നിക്ഷേപമായും ചിട്ടിത്തുകയായും നിരവധി ആളുകളിൽ നിന്നും ലഭിച്ച ഒരു കോടിയിൽപ്പരം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. ഇയാൾക്കൊപ്പം അറസ്റ്റിലായ സൊസൈറ്റി ചാരുംമൂട് ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന കരീലക്കുളങ്ങര ഹരിശ്രീ വീട്ടിൽ ഹരികുമാറും (53) റിമാൻഡിലായി.
കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച നുജുമുദ്ദീൻ 2020 മുതൽ 2024വരെ വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. കായംകുളത്തും ചാരുംമൂട്ടിലും സ്വർണവ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്ന നുജുമുദ്ദീന്റെ നേതൃത്വത്തിൽ സൊസൈറ്റി ആദ്യഘട്ടത്തിൽ മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുളള വ്യാപാരികളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. പിന്നീട് ചിട്ടി ഇടപാടുകളും തുടങ്ങി. തുടർന്ന് എല്ലാവിഭാഗം ജനങ്ങളിൽ നിന്നും പണം സ്വീകരിക്കാൻ ആരംഭിച്ചു. വൻപലിശ വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപത്തുക തിരിച്ചു കൊടുക്കാതാകുകയും ചിട്ടികളിൽ അടച്ച തുക നൽകാതാകുകയും ചെയ്തതോടെ 2024അവസാനം മുതൽ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. തുടർന്ന് നൂറനാട് പൊലീസ് നുജുമുദ്ദീനും കൂട്ടു പ്രതികൾക്കുമെതിരേ 7 കേസുകൾ രജിസ്റ്റർ ചെയ്തു.
നടന്നത് 6.18 കോടിയുടെ തട്ടിപ്പ്
കോ-ഓപ്പറേറ്റീവ് വകുപ്പ് അന്വേഷണം നടത്തി ആറു കോടി പതിനെട്ടു ലക്ഷത്തി അറുപത്തിയെണ്ണായിരത്തി മുന്നൂറ്റി നാൽപ്പത്താറ് രൂപയുടെ നഷ്ടമാണ് സൊസൈറ്റിക്ക് ഉണ്ടായിട്ടുള്ളതെന്ന് തിട്ടപ്പെടുത്തി. കേസുകളുടെ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഡിസംബർ 22ന് നുജുമുദ്ദീനെ കായംകുളത്തെ സ്ഥാപനത്തിൽ നിന്നും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 3 ദിവസത്തിന് ശേഷം ഇയാൾ ജാമ്യം നേടി ജയിൽമോചിതനായി. നുജുമുദ്ദീനെ അറസ്റ്റ് ചെയ്തതറിഞ്ഞ് , തട്ടിപ്പിനിരയായ നിരവധി പേർ നൂറനാട് പൊലീസിൽ രേഖകൾ സഹിതം എത്തി പരാതി നൽകാൻ തുടങ്ങിയതോടെ 11 കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നൂറനാട് സി.ഐ സി.വി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |