
അടൂർ: മാസം തികയാതെ 23 ആഴ്ചയും നാല് ദിവസവും മാത്രം പ്രായമുള്ളപ്പോൾ നിതാര ലൈഫ് ലൈൻ ആശുപത്രിയിലൂടെ ലോകത്തെത്തി. ആശങ്കയുടെ നിമിഷങ്ങളകറ്റി അവൾ ആരോഗ്യത്തോടെ മുന്നോട്ടുപോയി. കഴിഞ്ഞ ദിവസം നിതാരയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. ജനനസമയത്ത് നയനയുടെയും പ്രിജിന്റെയും മകളുടെ തൂക്കം വെറും 600 ഗ്രാം. പ്രതീക്ഷയേക്കാൾ കൂടുതൽ ആശങ്കയായിരുന്നു മാതാപിതാക്കളുടെ മനസിൽ.
പെട്ടന്നുണ്ടായ ഗുരുതരാവസ്ഥയാണ് അടിയന്തര സിസേറിയനിലേക്ക് നയിച്ചത്. ജനിച്ചതോടെ തന്നെ നിതാരയെ ലൈഫ് ലൈനിലെ നിയോനേറ്റൽ ഐ.സി.യുവിലേക്ക് മാറ്റി. രണ്ടാഴ്ചയോളം വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. ഓരോ മണിക്കൂറും നിർണായകമായിരുന്നു. നിയോനേറ്റൽ ഐ.സി.യുവിൽ നാലുമാസത്തോളം നീണ്ട തീവ്രപരിചരണമാണ് കുഞ്ഞിന് ലഭിച്ചത്.
നിയോനാറ്റൽ ഐ.സി.യു മേധാവി ഡോ. ബിനു ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റൽ ടീമിന്റെയും നവജാത ശിശുക്കളെ പരിചരിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ള നഴ്സുമാരുടെയും പരിശ്രമവും ചേർന്നപ്പോൾ അത്ഭുതം സംഭവിച്ചു. മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുമ്പോൾ നിതാരയുടെ തൂക്കം രണ്ടു കിലോഗ്രാമായിരുന്നു. പരിചരണത്തിലൂടെ കുഞ്ഞ് പൂർണ ആരോഗ്യത്തിലെത്തി.
അതുകൊണ്ടുതന്നെ നിതാരയുടെ ഒന്നാം പിറന്നാൾ ആഘോഷം ലൈഫ് ലൈൻ ആശുപത്രിയുടെ നിയോനേറ്റൽ ഡിപ്പാർട്ട്മെന്റിലാണ് നടന്നത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിദ്ധ്യത്തിൽ കേക്ക് മുറിക്കുമ്പോൾ മാതാപിതാക്കൾക്ക് നന്ദിയുടെ നിമിഷങ്ങളായിരുന്നു.
2022ൽ 23 ആഴ്ചയിൽ 415 ഗ്രാം തൂക്കത്തോടെ ജനിച്ച ദേവാംശിഖയാണ് ഇവിടെ ഇതുവരെ ഏറ്റവും കുറവ് തൂക്കത്തിലും ആഴ്ചയിലും ജനിച്ച കുഞ്ഞ്. ഇപ്പോൾ നാലുവയസായ ദേവാംശിഖ പൂർണ ആരോഗ്യത്തോടെ ജീവിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |