
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്ത് ഒരു വർഗീയ സംഘർഷവും ഉണ്ടാകാതിരുന്നത് സർക്കാരിന്റെ ഭരണനേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ മതേതരത്വത്തിൽ ഉൗന്നിയ ശക്തമായ നിലപാടിന്റെ കരുത്തുകൊണ്ടാണിത്.
ഒന്നും രണ്ടും മാറാട് കലാപത്തിൽ 14പേരുടെ ജീവനാണ് നഷ്ടമായത്. അതിന് മുമ്പും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളിൽ നിരവധി ജീവൻ നഷ്ടമായിട്ടുണ്ട്.
കേരള മുസ്ളീം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി കാണാൻ രാജ്യത്ത് ശ്രമം നടക്കുന്നുണ്ട്. മുസ്ലിം ആരാധനാലയങ്ങളും വീടുകളും ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുകയാണ്.
പൗരത്വ ഭേദഗതിനിയമം വിവേചനത്തിന്റെ ഉദാഹരണമാണ്. രാജ്യവ്യാപകമായി മുസ്ലിം ജനവിഭാഗം വേട്ടയാടപ്പെടുകയാണ്. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയും അക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ വന്ന മതപരിവർത്തനനിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള കാരണമായി.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ല. അത് രൂപം കൊള്ളുകയാണെങ്കിൽ വർഗീയതയെ ശക്തിപ്പെടുത്തും. അത് ഞങ്ങൾ നേരിട്ടുകൊള്ളാമെന്ന് ന്യൂനപക്ഷം വിചാരിച്ചാൽ ആത്മഹത്യാപരമെന്നേ പറയാനുള്ളൂ.ഏത് വർഗീയതയാണെങ്കിലും മൃദുസമീപനം പാടില്ല. സംഘടനാപരമായ തർക്കങ്ങൾ കൊണ്ടുള്ള ആക്രമണങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ സംഘർഷങ്ങളില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് നിലപാട് എടുത്തതിനാലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. ഓട്ടിസം,സെറിബ്രൽ പാൾസി ബാധിതരായ 1000കുഞ്ഞുങ്ങൾക്ക് ഒരു വർഷം മുപ്പതിനായിരം രൂപ വീതം ലഭിക്കുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ രിഫാ ഇകെയർ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയായി.
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, പേരോട് അബ്ദുൽറഹ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു. മന്ത്രി ജി.ആർ.അനിൽ,ശശി തരൂർ എം.പി, രമേശ് ചെന്നിത്തല,കർണാടക സ്പീക്കർ യു.ടി.ഖാദർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മാത്യു മാർ സിൽവാൽവാനിയോസ് എപ്പിസ്‌കോപ്പ, ഗുരുരത്നം ജ്ഞാനതപസ്വി,എൻ.അലിഅബ്ദുള്ള,
ഡോ.എ.പി.അബ്ദുൽ ഹക്കിം അസ്ഹരി ,സയ്യിദ് മുനീർ അഹ്ദൽ,നിസാർ സഖാഫി ഒമാൻ,എ.സൈഫുദ്ദീൻ ഹാജി ,മുസ്തഫ കൂടല്ലൂർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിദ്ദിഖ് സഖാഫി എന്നിവർ പങ്കെടുത്തു.
വോട്ട് നഷ്ടപ്പെട്ടാലും മതേതരത്വം
മുറുകെപ്പിടിക്കും: വി.ഡി.സതീശൻ
തിരുവനന്തപുരം: വോട്ടുകൾ നഷ്ടപ്പെട്ടാലും മതേതരത്വം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മതേതരത്വം ബലികഴിച്ചുകൊണ്ടുള്ള ഒരു ചർച്ചയ്ക്കും സമവായത്തിനും തയ്യാറല്ല. മതേതരത്വം പറയുകയും വിദ്വേഷ പ്രസംഗം നടത്തുന്നവരെ പൊന്നാടയണിച്ച് ഇരട്ടത്താപ്പ് കാണിക്കുന്നതും നാടിന് നല്ലതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടത്തിയ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കാസർകോട് നിന്ന് ആരംഭിച്ച കേരള യാത്ര ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും രാഷ്ട്രീയ മുതലെടുപ്പായി ചിത്രീകരിക്കരുതെന്നും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പേരിലുള്ള ഒത്തുകൂടലാണ്. സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുത്.
മനുഷ്യർക്കൊപ്പം എന്ന കാന്തപുരത്തിന്റെ കേരളയാത്ര ശ്രീനാരായണ ഗുരു ഉദ്ബോധിപ്പിച്ച വിശ്വമാനവികതയുടെ പൂർത്തീകരണമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. അധികാരത്തിനുവേണ്ടി വർഗീയതയെ തലോടുന്നവർക്കിടയിൽ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടം കാലഘട്ടത്തിന് അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |