
തിരുവനന്തപുരം:രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി പി.എസ്.സിക്കുവേണ്ടി വികസിപ്പിച്ച ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബ്ലോക്ക്‌ചെയിൻ സംവിധാനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആധുനികവൽക്കരണ രംഗത്ത് കേരള പി.എസ്.സി. എന്നും മാതൃകയാണ്.അപേക്ഷ സ്വീകരിക്കുന്നതുമുതൽ നിയമന ശിപാർശ നൽകുന്നത് വരെ മുഴുവൻ നടപടികളും കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുന്നതെന്നും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഈ സംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ് .സി ചെയർമാൻ ഡോ.എം.ആർ. ബൈജു അദ്ധ്യക്ഷത വഹിച്ചു.കേരള ഡിജിറ്റൽ സർവകലാശാല ഡീൻ (അക്കാഡമിക്) ഡോ.അഷറഫ്.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.പി.എസ്.സി അംഗങ്ങളായ എസ്.എ.സെയ്ഫ്,അബ്ദുൽ സമദ് വി.ടി.കെ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,കേരള ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, നഗരസഭാ കൗൺസിലർ രേഷ്മ.സി എന്നിവർ സംസാരിച്ചു.പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജ് സ്വാഗതവും അഡീഷണൽ സെക്രട്ടറി സംഗീതാ ദേവി നന്ദിയും പറഞ്ഞു.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ
പരീക്ഷാ നടത്തിപ്പിലെ നിർണ്ണായക രേഖകളിലെ സുതാര്യ സുരക്ഷിത സൂക്ഷിപ്പിനും കാര്യക്ഷമായ ഉപയോഗത്തിനുമായി രാജ്യത്ത് ആദ്യമായി വികസിപ്പിച്ച നവീന ഡിജിറ്റൽ സാങ്കേതിക മാതൃകയാണ് ബ്ലോക്ക് ചെയിൻ.നിർണ്ണായക രേഖകളിലെ അനധികൃത ഇടപെടലുകൾ തടയും.പി.എസ്.സിയുടെ ടെക്‌നിക്കൽ മാനേജ്‌മെന്റ് ടീമും കേരള ബ്ലോക്ക് ചെയിൻ അക്കാഡമിയുടെ അഞ്ചംഗ ടീമും ആറുമാസം കൊണ്ടാണ് സംവിധാനം വികസിപ്പിച്ചത്.17 ലക്ഷം രൂപയാണ് ചെലവ്.ലോകത്താകമാനം ബാങ്കിംഗ്,റിയൽ എസ്റ്റേറ്റ്,ഇ-ഗവേണൻസ് മേഖലകളിൽ രേഖകളുടെ സുരക്ഷിതവും സുതാര്യവുമായ ശേഖരണത്തിനും ഉപയോഗിക്കുന്നതാണ് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |