
വയനാട്: പുൽപ്പള്ളിയിൽ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. മുഖത്ത് പൊള്ളലേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപ്പള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. സംഭവത്തിൽ അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ (55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് മഹാലക്ഷ്മി. സ്‌കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ വീട്ടിലെത്തി ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതിൽ പ്രകോപിതനായാണ് രാജു ജോസ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിച്ചത്.
നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീശത്തിൽ 50 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. മുഖത്തും മാറിലും ശരീരത്തിന്റെ പിൻഭാഗത്തും കൈകാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്.
തുടർചികിത്സയ്ക്കായി പ്ലാസ്റ്റിക് സർജ്ജന്റെ സേവനം ആവശ്യമുള്ളതിനാലാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണ് പൂർണ്ണമായും തുറക്കാത്തതിനാൽ നേത്രരോഗവിഭാഗം ഡോക്ടർമാർക്ക് വിശദമായി പരിശോധിക്കാനായില്ല. കണ്ണിനകത്ത് ആസിഡ് എത്തിയതായാണ് പ്രാഥമിക നിഗമനം. പ്രതിക്ക് മാനസിക പ്രശ്നമുള്ളതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |