
തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം അടയാളപ്പെടുത്തുക കേരളകൗമുദിയുടെ ചരിത്രപരമായ ഇടപെടലിലൂടെയാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അത് കലോത്സവ ചരിത്രത്തിൽ തന്നെ ഇടംപിടിക്കും. കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയിലൂടെ കാസർകോട് കമ്പല്ലൂർ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി സച്ചു സതീഷിന് വീട് നിർമ്മിച്ചു നൽകാനുള്ള തീരുമാനത്തിൽ സർക്കാർ എത്തിയ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സച്ചുവിനും അമ്മയ്ക്കുമൊപ്പം സന്തോഷം പങ്കിടാൻ മന്ത്രി കേരളകൗമുദി തൃശൂർ യൂണിറ്റ് ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ഇത്തവണത്തെ കലോത്സവം അടയാളപ്പെടുത്തുക രണ്ട് പ്രധാന സംഭവങ്ങളിലൂടെയാണ്. ആദ്യത്തേത് കേരളകൗമുദിയിലൂടെ സച്ചുവിനും അമ്മയ്ക്കും വീട് ഒരുങ്ങുന്നുവെന്നതാണ്. രണ്ടാമത്തേത് കലോത്സവത്തിലാദ്യമായി ഒരു കുട്ടി ഓൺലൈനിലൂടെ മത്സരിക്കുന്നുവെന്നുള്ളത്. സച്ചുവിന്റെ ബുദ്ധിമുട്ടുകൾ കണ്ടെത്തി പ്രസിദ്ധീകരിച്ച കേരളകൗമുദി നടപടി ഏറെ ശ്ലാഘനീയമാണ്. എല്ലാക്കാലത്തും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകൾ കേരളകൗമുദി നടത്താറുണ്ട്. അത് തുടരട്ടെയെന്നും മന്ത്രി പറഞ്ഞു. സച്ചുവിനും അമ്മ ബിന്ദുവിനും മന്ത്രി മധുരം നൽകി.
കേരളകൗമുദി തൃശൂർ യൂണിറ്റ് ഓഫീസിൽ ഡെപ്യൂട്ടി എഡിറ്ററും കൊച്ചി- തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു. സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കോവളം സതീഷ് കുമാർ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, സച്ചുവിന്റെ അദ്ധ്യാപകൻ ബൈജു എന്നിവരും പങ്കെടുത്തു.
സ്ഥലം സൗജന്യമായി
നൽകും: മന്ത്രി രാജൻ
സച്ചുവിന് വീടു വയ്ക്കുന്നതിന് സ്ഥലം ആവശ്യമാണെങ്കിൽ റവന്യുവകുപ്പ് സൗജന്യമായി കണ്ടെത്തി നൽകുമെന്ന് മന്ത്രി കെ.രാജൻ കേരളകൗമുദിയോട് പറഞ്ഞു. വീടിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സർക്കാരിനു വേണ്ടി ഉറപ്പു നൽകുന്നു. ജില്ലാ കളക്ടറിൽ നിന്ന് വെള്ളിയാഴ്ച രാത്രിതന്നെ അടിയന്തര റിപ്പോർട്ട് വാങ്ങിയിരുന്നു. കേരളകൗമുദിയുടെ ഇത്തരം ഇടപെടലുകൾ ഏറെ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |