
ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ, അതിൽ ആദ്യമുണ്ടാകും വിരാട് കൊഹ്ലിയുടെയും അനുഷ്‌ക ശർമയുടെയും പേര്. ഇരുവരുടെയും ആകെ ആസ്തി ഏകദേശം 1300 കോടി വരുമെന്നാണ് കണക്കുകൾ. ഇവയിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി റിയൽ എസ്‌റ്റേറ്റ് പ്രാേപ്പർട്ടികൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പടും. അടുത്തിടെയാണ് ദമ്പതികൾ അലിബാഗിൽ 32 കോടി രൂപയോളം മുടക്കി ഒരു വില്ല സ്വന്തമാക്കിയത്. നാല് ബെഡ്റൂമുള്ള ഈ വീടിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡാവുന്നത്. ഈ വീടിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, വില്ല സ്ഥിതി ചെയ്യുന്ന ഏട്ട് ഏക്കർ സ്ഥലത്തിന് 2022ൽ 19 കോടിയായിരുന്നു വില. ഈ സ്ഥലത്ത് നാല് മുറികളുള്ള വില്ല നിർമ്മിക്കാൻ ദമ്പതികൾ 13 കോടി രൂപ വരെ നിക്ഷേപിച്ചെന്നാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ മാർബിൾ മുതൽ ടർക്കിഷ് ചുണ്ണാമ്പുകല്ല് വരെ ഉൾപ്പെടുത്തിയ ഈ വില്ല വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമ്മയ്ക്കും തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ശാന്തമായ സ്ഥലമായാണ് നിർവചിക്കപ്പെടുന്നത്. ഇരുവരുടെയും വ്യക്തിത്വങ്ങൾക്ക് അനുസൃതമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
'എന്റെ കുടുംബമാണ് എന്റെ പ്രഥമ പരിഗണന. ഞാൻ ക്രിക്കറ്റ് കളിക്കുന്ന തിരക്കിലാണ്, പക്ഷേ എനിക്ക് എപ്പോഴും വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. നിങ്ങൾക്ക് കുട്ടികളുണ്ടാകുകയും കുടുംബം വളരുകയും ചെയ്യുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും വർദ്ധിക്കും. ജോലി ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും അത് സന്തുലിതമാക്കേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു. എന്റെ മകളോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വളരുന്ന വർഷങ്ങൾ അവർ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല'- നേരത്തെ വിരാട് ആർക്കിടെക്ചറൽ ഡൈജസ്റ്റിനോട് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളെ അനുസ്മരിക്കുന്ന വിധത്തിലാണ് വില്ലയുടെ നിർമാണം പൂർത്തിയാക്കിയത്.

ഈ വില്ല ഡിസൈൻ ചെയ്തത് ഒരു ആഗോള ഇന്റീരിയർ സ്റ്റൈലിസ്റ്റായ ജാസ്മിൻ ജാവേരി ആണ്. 2024 ഫെബ്രുവരിയിൽ, സ്ഥലം സജ്ജീകരിച്ചതിനുശേഷം അവർ കുറച്ച് ഫോട്ടോകൾ പങ്കിട്ടിരുന്നു. ആ ഫോട്ടോകൾക്ക് താഴെ നൽകിയ കുറിപ്പ് ഇങ്ങനെയായിരുന്നു, 'ഉടമയുടെ വ്യക്തിത്വം പ്രതിഫലിക്കുന്നതാണ് ഒരു വീട്. അലിബാഗിലെ ആവാസ് അത് തന്നെയാണ് നൽകുന്നത്. ഫിലിപ്പ് ഫൗഷെയുടെ നേതൃത്വത്തിൽ സായോട്ടയിൽ ആഗോളതലത്തിൽ പ്രശസ്തരായ ആർക്കിടെക്റ്റുകൾ 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കാലിഫോർണിയൻ കൊങ്കൺ ശൈലിയിലുള്ള നാല് കിടപ്പുമുറിയുള്ളതാണ് ഈ വില്ല'
വീടിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥലം സ്വീകരണമുറിയാണ്. സൂര്യപ്രകാശം പൂർണമായും കടന്നുവരുന്ന ഈ മുറിയിൽ ഒരു കട്ട്ഔട്ടും ഉൾപ്പെടുന്നു. വിരാട് ആഗ്രഹിച്ചത് പോലെ ഏറ്റവും സമാധാനം നൽകുന്ന മുറികളിൽ ഒന്നാണിത്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് ടെലിവിഷന്റെ അഭാവം. വിനോദ മാദ്ധ്യമം ഇല്ലാത്തതിനാൽ, കുടുംബാംഗങ്ങളെ സ്വതന്ത്രമായി ഇടപഴകാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു.

സ്വീകരണമുറി ഡൈനിംഗ് സ്‌പെയ്സുമായി സുഗമമായി സംയോജിപ്പിച്ചിട്ടുണ്ട്. ആറ് പേർക്ക് ഇരിക്കാവുന്ന ഒരു മേശയുണ്ട് ഇവിടെ. ദമ്പതികൾക്ക് അതിഥികളോടൊപ്പം സമയം ചെലവഴിക്കാൻ ഈ സ്ഥലം ഉപയോഗിക്കാം. ഏറ്റവും മികച്ച മറ്റൊന്ന്, ഈ വീട് നൂതന സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. എല്ലാം ഒരു ക്ലിക്കിലൂടെ ഓട്ടോമേറ്റ് ചെയ്യാൻ കഴിയും. ഇനി വീടിന്റെ പുറത്തെത്തിയാൽ, ഒരു നീന്തൽകുളം, വിശ്രമിക്കാനുള്ള സ്ഥലം, ഒരു ഡൈനിംഗ് ടേബിൾ എന്നിവയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |