സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ "ഏനുണ്ടോടീ അമ്പിളിച്ചന്തം" എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളിൽ കൂടുകൂട്ടിയ ഗായികയാണ് സിതാരാ കൃഷ്ണകുമാർ. പിന്നണി ഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ സിത്താര കൃഷ്ണകുമാർ ഇപ്പോൾ ഗായിക മാത്രമല്ല. സംഗീത സംവിധായിക കൂടിയാണ്. കഥ പറഞ്ഞ കഥ, ഉടലാഴം എന്നീ രണ്ടു ചിത്രങ്ങളിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു. മികച്ച ഗായികയ്ക്കുള്ള കരിയറിലെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരവും സിത്താരയെ തേടിയെത്തിയിരുന്നു. സംഗീത സംവിധാനത്തിലേക്ക് കടന്നുചെന്ന സാഹചര്യങ്ങളെക്കുറിച്ച് സിതാര മനസുതുറക്കുന്നു.
"ഒരു പാട്ടുകാരിയുടെ അടുത്ത സ്റ്റേജ് എന്ന നിലയിലല്ല ഞാൻ സംഗീത സംവിധാനത്തെ കാണുന്നത്. ആലാപനവും സംഗീതസംവിധാനവും രണ്ട് വ്യത്യസ്ത മേഖലകളാണ്. കുറേ പാട്ടുകൾ പാടി ഇനി സംഗീതസംവിധാനം ചെയ്യാം എന്നൊന്നും വിചാരിച്ചിട്ടല്ല ആ മേഖലയിലേക്ക് ഇറങ്ങിയത്. മറ്റൊരാൾ സംഗീതം നൽകിയ പാട്ട് പാടുമ്പോഴുള്ള മാനസികാവസ്ഥയല്ല ഒരു പാട്ടിന് സംഗീതം കൊടുക്കുമ്പോഴുള്ളത്. എനിക്ക് പാടാൻ വേണ്ടി ചെറിയ പാട്ടുകളൊക്കെ എഴുതി സംഗീതം കൊടുക്കാറുണ്ട്. എനിക്ക് പാടാൻ വേണ്ടിയും ബാൻഡിന് വേണ്ടിയും ഇതിന് മുമ്പും പാട്ടുകൾക്ക് സംഗീതം കൊടുത്തിട്ടുണ്ട്.
അത്തരത്തിൽ സിനിമയിലേക്ക് എത്തുന്നത് ഇപ്പോഴാണെന്ന് മാത്രം. അതും സുഹൃത്തുക്കൾ നിർബന്ധിച്ചതു കൊണ്ട് മാത്രമാണ് ഉടലാഴവും കഥ പറഞ്ഞ കഥയുമൊക്കെ സംഭവിച്ചത്. പാടുന്നതും കമ്പോസ് ചെയ്യുന്നതും രണ്ട് രീതിയിലുള്ള കാര്യങ്ങളായാണ് എപ്പോഴും തോന്നാറ്. പിന്നെ പാട്ട് പാടുന്നതുകൊണ്ട് സംഗീതം കൊടുക്കുന്ന പാട്ടുകൾ പാടി നോക്കാം. അത്രമാത്രം. പലരും ചിന്തിച്ചിരിക്കുന്നതുപോലെ എന്റെ ഭർത്താവ് നിർമ്മാതാവായതുകൊണ്ടല്ല ഉടലാഴത്തിന്റെ സംഗീത സംവിധാനത്തിലേക്ക് ഞാൻ എത്തിയത്.
ഞങ്ങൾ രണ്ട് പേരും രണ്ട് വഴികളിലൂടെയാണ് അതിലേക്ക് എത്തിയത്. ഭർത്താവ് സജീഷ് ഡോക്ടറാണ്. അദ്ദേഹവും ഡോക്ടർമാരായ രണ്ട് സുഹൃത്തുക്കളും ചേർന്നുള്ള ഡോക്ടേഴ്സ് ഡിലെമ എന്ന ബാനറാണ് ഉടലാഴം നിർമ്മിച്ചിരിക്കുന്നത്. അവർ സിനിമയിലേക്ക് എത്തുന്നതിന് മുമ്പേ തന്നെ അതിന്റെ സംഗീതസംബന്ധമായ ജോലികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അതിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള മുമ്പ് ചെയ്ത ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് പരിചയമുണ്ടായിരുന്നു. ആ പരിചയമാണ് ഉടലാഴത്തിന്റെ സംഗീതസംവിധാനത്തിലേക്ക് എത്തിയത്. ഞാനും മിഥുൻ ജയരാജ് എന്ന സുഹൃത്തും കൂടിയാണ് ഉടലാഴത്തിലെ പാട്ടുകൾ ചെയ്തത്"-സിതാര പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |