
ഇംഫാൽ: മണിപ്പൂരിൽ വംശീയ കലാപത്തിനിടെ ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കുക്കി യുവതി മരിച്ചു.
അതിക്രമത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ശാരീരികവും മാനസികവുമായ ആഘാതത്തിലായിരുന്നു 22കാരി. ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്. 2023 മേയിൽ മെയ്‌തി, കുക്കി വിഭാഗക്കാർ തമ്മിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ദിവസങ്ങൾക്കുശേഷമാണ് സംഭവമുണ്ടായത്. തോക്കുധാരികളായ നാലുപേർ കാറിൽ തട്ടിക്കൊണ്ടുപോകുകയും മൂന്നുപേർ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കുന്നിൻ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതി പിന്നീട് രക്ഷപ്പെട്ട് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ സാഹസികമായി സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും താൻ ശാരീരികവും മാനസികവുമായി തകർന്നെന്ന് പിന്നീട് മാദ്ധ്യങ്ങളോട് യുവതി പറഞ്ഞിരുന്നു. മണിപ്പൂരിലെ ക്രമസമാധാന നില തകർന്നതിനാൽ സംഭവം നടന്ന് രണ്ട് മാസത്തിനുശേഷമാണ് പൊലീസിൽ പരാതിപ്പെടാനായത്. അതികഠിനമായ പരിക്കുകളാണ് മകൾക്കുണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. ഗർഭപാത്രത്തിനുൾപ്പെടെ പ്രശ്നങ്ങളുണ്ടായി. ശ്വാസതടസമുൾപ്പെടെ അനുഭവിച്ചു. ഏറെ നാളായി ഗുവാഹത്തിയിൽ ചികിത്സയിലായിരുന്നു. ഇംഫാലിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും യുവതിയുടെ അമ്മ പ്രതികരിച്ചു. യുവതിയുടെ ഓർമ്മയ്ക്കായി മെഴുകുതിരി തെളിക്കുമെന്നും ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |